kerala

‘വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ല, ഭര്‍ത്താവ് പണം തരുന്നില്ല’; ഷൈനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

By webdesk17

March 09, 2025

ഏറ്റുമാനൂരില്‍ അമ്മയും മക്കളുമായി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്ത സംഭവത്തില്‍ മരിച്ച ഷൈനിയും കരിങ്കുന്നത്തെ കുടുംബശ്രീ പ്രസിഡന്റ് ഉഷയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. തന്റെ പേരില്‍ കുടുംബശ്രീയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലെന്നാണ് ഷൈനി പറയുന്നത്. സ്വന്തം ആവശ്യത്തിനെടുത്ത വായ്പയല്ല അതെന്നും ഭര്‍ത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

‘രണ്ടുമാസം കഴിഞ്ഞല്ലോ നീ ലോണടയ്ക്കില്ലേ’ എന്ന് കുടുംബശ്രീ പ്രസിഡന്റ് ചോദിക്കുന്നതും, കേസ് നടക്കുകയല്ലേ ആലോചിച്ചിട്ട് പറയമാമെന്നാണ് തന്നോട് ഭര്‍ത്താവ് പറഞ്ഞതെന്നും താനിപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഷൈനി മറുപടി പറയുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്.

ഷൈനിയുടെ പേരില്‍ ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ കുടുംബശ്രീയില്‍നിന്ന് വായ്പയെടുത്തിരുന്നു. അത് തിരിച്ചടച്ചിരുന്നില്ല. വിവാഹമോചന കേസ് അവസാനിച്ചാല്‍ മാത്രമേ പണം നല്‍കൂ എന്നാണ് ഭര്‍ത്താവ് ഷൈനിയോട് പറഞ്ഞിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഷൈനി നേരിട്ടിരുന്നെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍സംഭാഷണം.