കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തോടൊപ്പം വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയെ പ്രതിക്കൂട്ടിലാക്കി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ബസില്‍ ദീപകിനാല്‍ പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഷിംജിത മുസ്തഫ ഏഴ് വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും, അവ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണ് ദീപകിന്റെ ആത്മഹത്യയ്ക്ക് കാരണമായ മാനസിക വിഷമം വര്‍ധിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായും, വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയതായും പൊലീസ് അറിയിച്ചു.
അതേസമയം, അറസ്റ്റിന് ശേഷവും ബസില്‍ ലൈംഗികാതിക്രമം നടന്നുവെന്ന മൊഴിയില്‍ ഷിംജിത ഉറച്ചുനില്‍ക്കുകയാണ്. ദീപക് ലൈംഗിക അതിക്രമം നടത്തിയതിനാല്‍ തെളിവിനായാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഷിംജിതയുടെ നിലപാട്. സംഭവത്തിന്റെ മുഴുവന്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.