ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാന്‍ പുതിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഏത് ആയുധമുപയോഗിച്ചും തങ്ങളെ അടിച്ചമര്‍ത്താനും ജയിലിലടയ്ക്കാനും ബിജെപി ശ്രമിക്കുമെങ്കിലും ജനകീയ മുന്നേറ്റം ഉയര്‍ന്നുവരികതന്നെ ചെയ്യും. ലോക്സഭയില്‍ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുകൊള്ളയെന്ന ദേശവിരുദ്ധപ്രവൃത്തിയെ പ്രതിരോധിക്കുന്നതിനുപകരം നിര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍തന്നെ അത് നടപ്പാക്കിക്കൊടുക്കുന്നു. ജനാധിപത്യവ്യവസ്ഥയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ അങ്ങനെയല്ലാതായിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുക വഴി ജനാധിപത്യവ്യവസ്ഥയില്‍ എല്ലാവര്‍ക്കും ഇടപെടാനുള്ള അവസരം ഇല്ലാതാക്കി. നിര്‍ണായകസന്ദര്‍ഭങ്ങളിലെല്ലാം ഇ.ഡി.യെയും സിബിഐയെയും ആദായനികുതിവകുപ്പിനെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു.
എസ്ഐആറിനെ ന്യായീകരിക്കാന്‍ യുപിഎ ഭരണകാലത്തും അത് നടന്നിട്ടില്ലേയെന്നാണ് ചോദിക്കുന്നത്. എന്നാല്‍, യുപിഎ കാലത്ത് എസ്ഐആര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നില്ല. മഹാരാഷ്ട്രയിലും അരുണാചല്‍പ്രദേശിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ എസ്ഐആര്‍ മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ ബിഹാറില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് എസ്ഐആര്‍ നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.- വേണുഗോപാല്‍ പറഞ്ഞു.