GULF

യുഎഇയില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാവില്ല: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി

By webdesk17

March 22, 2026

ദുബൈ: നിലവിലെ യുദ്ധ സാഹചര്യത്തില്‍ യുഎഇയില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാവില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ വ്യക്തമാക്കി. ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇയില്‍ ആശങ്കക്ക് വകയില്ലെന്ന് യൂസുഫലി പറഞ്ഞു. ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനകം തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നായി 108 വിമാനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. ഒപ്പം തന്നെ വില വര്‍ധനയില്ലാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി യൂസുഫലി പറഞ്ഞു. യുഎഇ ഭരണാധികാരികള്‍ പ്രവാസി സമൂഹത്തോട് കാണിക്കുന്ന കരുതലും സ്നേഹവും പറഞ്ഞറിയിക്കാനാവാത്തവിധമാണ്.

യുഎഇയില്‍ ജീവിക്കുന്ന ഓരോരുത്തരും ഈ രാജ്യക്കാരെപ്പോലെത്തന്നെയാണെന്ന യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ പ്രഖ്യാപനം ഓരോ പ്രവാസിയെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ളതാണ്. വ്യാകുലരാവേണ്ട സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ല.

യുഎഇ ബിസിനസ് സംരംഭങ്ങള്‍ക്കും ജനങ്ങള്‍ക്കും എന്നും വലിയ ആത്മവിശ്വാസം നല്‍കുന്ന രാജ്യമാണെന്നും ആ വിശ്വാസം ശക്തമായി തുടരുകയാണെന്നും യൂസഫലി പറഞ്ഞു. രാജ്യത്തുടനീളം പുതിയ പദ്ധതികള്‍ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത് ഇതിന്റെ തെളിവാണ്. ആരോഗ്യ മേഖല ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇത്തരം സംരംഭങ്ങള്‍ ഗുണമേന്മയുള്ള ചികിത്സ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.