kerala

ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന; കൊടുക്കാനുള്ളത് 5 മാസത്തെ കുടിശിക

By webdesk13

January 23, 2024

ഇത്തവണയും സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന.  5 മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയിട്ടാണ് ധനമന്ത്രി അടുത്തമാസം അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടണമെന്ന ആവശ്യം സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.

900 കോടിയോളം രൂപ ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ ആവശ്യമാണ്. ഈ തുക കണ്ടെത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. നവകേരളസദസില്‍ ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.

ഈ രാഷ്ട്രീയ സാഹചര്യം പരിഗണിക്കണിച്ച് ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തണമെന്ന അഭിപ്രായം സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിലവിലെ ധനസ്ഥിതി അതിന് അനുവദിക്കുന്നില്ലെന്ന നിലപാടിലാണ് ധനമന്ത്രി. ബജറ്റവതരണം അടുക്കുമ്പോള്‍ മറിച്ചുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇത്തവണയും ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാവില്ല.