തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട മാരുതി ആള്‍ട്ടോ 800 കാറാണ് അപടത്തിലായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മൂന്നിയൂര്‍ കളിയാട്ടകാവിന് സമീപത്ത് വെച്ച് കയറ്റത്തില്‍ നിയന്ത്രണം വിട്ട കാര്‍ അപ്രോച്ച് റോഡില് നിന്ന് താഴേക്ക് മറിയുകയായിരുന്നു.

പരപ്പനങ്ങാടി ചിറമംഗലം സ്വദേശികളായ തിരിച്ചിലങ്ങാടിയിലെ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് മരിച്ചത്. കോണിയത്ത് അബ്ദുറഷീദിന്റെ മകള്‍ ഫാത്തിമ സഫാന (6), ബന്ധു കോണിയത്ത് ഷമീറിന്റെ സഹോദരി ഷംന(14), ഷമീറിന്റെ ഭാര്യ ഹുസ്‌ന (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 10 നായിരുന്നു മരിച്ച ഹുസ്‌നയുടെ വിവാഹം. ഇന്ന് ഉച്ചയോടെ കുടുംബസമേതം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് കാര്‍ അപകടത്തില്‍ പെട്ടത്.

കാറിലുണ്ടായിരുന്ന ഹുസ്‌നയുടെ ഭര്‍ത്താവ്  ഷമീര്‍, ബന്ധു ഹബീബ് എന്നിവരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ 800-ന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.