kerala

തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

By webdesk17

October 01, 2024

പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസില്‍ കാലടി സ്വദേശി ഷിബു (46) ന് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും അത് അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണെന്നും കോടതി അറിയിച്ചു.

2022 നവംബര്‍ 19 നാണ് സംഭവം നടന്നത്. കുട്ടി അനിയനുവേണ്ടി മിഠായി വാങ്ങാന്‍ കടയില്‍ പോയപ്പോഴാണ് അയല്‍വാസിയായ പ്രതി പിടികൂടിയത്. സിഗരറ്റ് വാങ്ങാന്‍ വന്ന പ്രതി കുട്ടിയുടെ കൈ പിടിച്ചുവെച്ചു. കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടുകയായിരുന്നു. പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്.

വീട്ടിലെത്തിയ കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞു. ഉടനെ വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതിപ്പെട്ടു.

പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ അര്‍.വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണര്‍ എസ്.ഷാജി, എസ്.ഐ സജിനി.ടി എന്നിവരാണ് കേസ് അന്വേഷിച്ചത്.