kerala

തിരുവനന്തപുരം കൂട്ടക്കൊലപാതകം; പ്രതി അഫാന്‍ റിമാന്‍ഡില്‍

By webdesk17

February 27, 2025

തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനെ റിമാന്‍ഡ് ചെയ്തു. കൊലപാതകം നടത്തിയതിനു ശേഷം എലി വിഷം കഴിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് അവിടെയെത്തി അഫാനെ മജിസ്ട്രേറ്റ് പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ഇയാള്‍ തുടരും.

പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് നെടുമങ്ങാട് കോടതി രണ്ട് മജിസ്ട്രേറ്റ് പി ആര്‍ അക്ഷയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി അഫാനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വെഞ്ഞാറമ്മൂടില്‍ കൂട്ടക്കൊല നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. ശേഷം അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് കൂട്ടക്കൊല നടത്തിയതെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നു. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നതോടെ കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി അഫാന്‍ പറഞ്ഞിരുന്നു.

വീട്ടിലെ ചെലവുകള്‍ക്കായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാന്‍ പറഞ്ഞിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും അഫാന്‍ പറഞ്ഞു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും പിതൃസഹോദരനും ഭാര്യയും പിതൃമാതാവും കാര്യമായി സഹായിച്ചിരുന്നില്ലെന്നും അഫാന്‍ പറഞ്ഞിരുന്നു. നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്തിരുന്നെന്നും ഈ കാരണത്താല്‍ ഇവരോട് പകയുണ്ടായിരുന്നതായും അഫാ്ന്‍ മൊഴി നല്‍കിയിരുന്നു.