തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.
കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന്‍ സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.
സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.
പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.
അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.