india

‘ഇത് പുതിയ തരം വഞ്ചന; ന്യൂനപക്ഷ ആനുകൂല്യത്തിനായി കടലാസില്‍ മതം മാറുന്നതിനെതിരെ സുപ്രീംകോടതി

By Lubna Sherin K P

January 29, 2026

ന്യൂഡല്‍ഹി: ന്യൂനപക്ഷ സംവരണ ആനുകൂല്യങ്ങള്‍ക്കായി മാത്രം ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ബുദ്ധമതത്തിലേക്ക് മാറുന്നതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇത്തരം പ്രവണതകളെ ‘പുതിയ തരം വഞ്ചന’ എന്ന് വിശേഷിപ്പിച്ച കോടതി, ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഹരിയാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ബുദ്ധമത പദവി ഉപയോഗിച്ച് മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സംവരണം ആവശ്യപ്പെട്ട് ഹരിയാന ഹിസാര്‍ സ്വദേശിയായ നിഖില്‍ കുമാര്‍ പുനിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് കടുത്ത നിലപാട് സ്വീകരിച്ചത്.

അര്‍ഹരായ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന്‍ ഹരിയാനയിലെ ശക്തമായ ‘ജാട്ട് പുനിയ’ വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് കണ്ടെത്തിയതോടെ, ‘നിങ്ങള്‍ പുനിയയാണോ? ഏത് പുനിയയാണ്?’ എന്ന് കോടതി നേരിട്ട് ചോദിച്ചു.

സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ആനുകൂല്യങ്ങള്‍ക്കായി മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഹരിയാന സര്‍ക്കാരിനോട് സംസ്ഥാനത്ത് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രക്രിയയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

ഹര്‍ജിക്കാരന്‍ തന്റെ മതംമാറ്റം വ്യക്തിസ്വാതന്ത്ര്യമാണെന്ന് വാദിച്ചെങ്കിലും, സംവരണത്തിനായി ഇതിനെ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി.