മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ട് യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഒപ്പുവെക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഇറാനെതിരെ കടുത്ത യുദ്ധഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും കേവലം ഒരു ധാരണാപത്രം (MoU) മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ ലംഘിച്ചാല്‍ ശക്തമായ ആക്രമണം പുനരാരംഭിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്രാന്‍സിലെ എവിയനില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ, ഈജിപ്തുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായുള്ള കരാര്‍ അന്തിമമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. അത് അന്തിമ കരാറല്ല, ഒരു ധാരണപത്രം മാത്രമാണ്. അതിലെ വ്യവസ്ഥകള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ, അവര്‍ അത് അനുസരിച്ചില്ലെങ്കിലോ ഞങ്ങള്‍ വീണ്ടും അവരെ ആക്രമിക്കും. അവരുടെ തലയില്‍ ബോംബിടും. കഴിഞ്ഞ 47 വര്‍ഷമായി അവര്‍ വളരെ മോശമായാണ് പെരുമാറുന്നത്. അവര്‍ക്ക് നിലവിട്ടു കളിക്കാന്‍ കഴിയില്ല.’
നേരത്തെ, ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായെന്നും വെള്ളിയാഴ്ച ഇതില്‍ ഒപ്പുവെക്കുമെന്നും ട്രംപ് തന്നെ അറിയിച്ചിരുന്നു. ഇരുപക്ഷവും കരാറില്‍ ഡിജിറ്റലായി ഒപ്പുവെച്ച കാര്യം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 19 വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി കരാറില്‍ ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് ആദ്യം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വന്ന് 48 മണിക്കൂറിനകം കരാര്‍ ഒപ്പുവെക്കാനിരിക്കെയാണ്, ഭീഷണിയുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്. ട്രംപിന്റെ ഈ പുതിയ പ്രസ്താവന സമാധാന ചര്‍ച്ചകളില്‍ വീണ്ടും ആശങ്ക പരത്തിയിരിക്കുകയാണ്.