kerala

‘തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് ഈ ജനമുന്നേറ്റം’ -സാദിഖലി തങ്ങള്‍

By Akhila

January 22, 2026

തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് കൊല്ലത്തെ ഈ ആവേശകരമായ ജനമുന്നേറ്റമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നവീകരിച്ച മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും ലീഗിന്റെ മതേതര പാരമ്പര്യവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചിലേറ്റുന്നതെന്നും തങ്ങള്‍ പറഞ്ഞു.

സാമൂഹ്യമായ ഒത്തൊരുമയിലാണ് കേരളത്തിന്റെ നിലനില്‍പ്പെന്നും അത് ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന്റെ പാരമ്പര്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഭേദചിന്തകളില്ലാതെ ചേര്‍ത്തുപിടിക്കുന്ന യു.ഡി.എഫ് സഹോദര്യത്തിന്റെ വലിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മനുഷ്യര്‍ക്കിടയില്‍ ഭിന്നതയല്ല, മറിച്ച് ദൈവം ആഗ്രഹിക്കുന്ന സ്‌നേഹത്തിന്റെയും സഹൃദയത്വത്തിന്റെയും അന്തരീക്ഷമാണ് യു.ഡി.എഫ് കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചടങ്ങില്‍ വെച്ച് തങ്ങളില്‍ നിന്നും പാര്‍ട്ടി അംഗത്വം ഏറ്റുവാങ്ങിയ സുജ ചന്ദ്ര ബാബു സംസാരിക്കവേ, മുസ്‌ലിം ലീഗിന്റെ മതേതര നിലപാടുകളോടും വികസന കാഴ്ചപ്പാടുകളോടും ആകൃഷ്ടയായാണ് താന്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതെന്ന് വ്യക്തമാക്കി. മതേതരത്വം കാത്തുസൂക്ഷിക്കാനും സാമൂഹ്യ നീതി ഉറപ്പാക്കാനും മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ നേതാവ് യൂനുസ് കുഞ്ഞിന്റെ സ്മരണകള്‍ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് തങ്ങള്‍ വൈകാരികമായി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നും പൂക്കോയ തങ്ങളുടെ കാലം മുതല്‍ പാണക്കാട് കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും തങ്ങള്‍ പറഞ്ഞു.