തൊടുപുഴ നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല; രണ്ടു പേര്‍ പിടിയില്‍
തൊടുപുഴ: കമ്പകക്കാനം കാനാട്ടു വീട്ടില്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. അന്വേഷണസംഘം ഇവരെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുള്ള രണ്ടു പേരാണു കസ്റ്റഡിയിലുള്ളതെന്നാണു വിവരം. ഇവരിലൊരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. മന്ത്രവാദത്തിനും പൂജകള്‍ക്കുമായി കൃഷ്ണന്‍ നിയോഗിച്ച സഹായികളെ ഇവരെന്നാണ് സൂചന.

ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനു പിന്നിലെ ആട്ടിന്‍ കൂടിന്റെ സമീപമുള്ള കുഴിയില്‍ നിന്നും കണ്ടെടുത്തത്.
തലയിലുള്ള ശക്തമായ അടിയേറ്റ് കൃഷ്ണന്റെയും അര്‍ജുന്റെയും തലയോട്ടി അടക്കം തകര്‍ന്നിട്ടുണ്ട്. സുശീലയുടെ നെഞ്ചിലും വയറിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ആര്‍ഷയുടെ പുറത്താണ് പരിക്ക്.

കൊലപാതകുമായി സംശയമുള്ള 15 പേരുടെ പട്ടിക തയാറാക്കിയാണ് അന്വേഷണം നടക്കുന്നത്. ഞായറാഴ്ച രാത്രി ഒന്നിലധികം പേരുള്ള സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ അനുമാനം. കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മന്ത്രവാദത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന സംശയത്തിലാണു പൊലീസ്. കൃഷ്ണന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ മോഷണത്തിനു വേണ്ടി കൊലപാതകം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്.

രണ്ടുദിവസമായി പാല്‍ വാങ്ങാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസി മരിച്ച കൃഷ്ണന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആരെയും കണ്ടില്ല. തുടര്‍ന്ന് കൂറച്ചുദൂരെ താമസിക്കുന്ന കൃഷ്ണന്റെ സഹോദരങ്ങളെ വിവരം അറിയിച്ചു. ഇവര്‍ നാട്ടുകാരില്‍ ചിലരെയുംകൂട്ടി വീട്ടിലെത്തിയപ്പോള്‍ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു.

വാതില്‍ തുറന്നപ്പോള്‍ ഹാളില്‍ ഒഴിച്ചിരുന്ന വെള്ളത്തിലും ഭിത്തിയിലും രക്തം കണ്ടെത്തി. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലിസ് എത്തി തൊടുപുഴ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാറ്റിയപ്പോഴാണ് വളരെ ചെറിയ കുഴിയില്‍ നിന്ന് നാലുപേരുടെയും മൃതദേഹങ്ങള്‍ അടുക്കിയിട്ട നിലയില്‍ ലഭിച്ചത്.
കാളിയാര്‍ പൊലീസിന്റെ സര്‍ക്കിള്‍ പരിധിയിലുള്ള ഉള്‍പ്രദേശമാണ് മുണ്ടന്‍മുടി കമ്പകക്കാനം പ്രദേശം. വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണനും കുടുംബത്തിനും വളരെകാലമായി അടുത്ത ബന്ധുക്കളുമായോ അയല്‍വാസികളുമായോ കൂടുതല്‍ സമ്പര്‍ക്കം ഇല്ലായിരുന്നു.

കൃഷ്ണന്റെ വീട്ടില്‍ നിന്ന് ഇരുന്നൂറ് മീറ്ററോളം മാറിയാണ് അയല്‍വാസികള്‍ ഉള്ളത്. അതുകൊണ്ട് തന്നെ ബഹളങ്ങളൊന്നും നാട്ടുകാര്‍ കേട്ടിരുന്നില്ല. രാത്രികാലങ്ങളില്‍ വിലകൂടിയ കാറുകളില്‍ സ്ത്രീകളുള്‍പ്പെടെ കൃഷ്ണന്റെ വീട്ടില്‍ വന്നു പോയിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

ഇടുക്കി എസ് പി കെ ബി വേണുഗോപാല്‍, തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ്, കാളിയാര്‍ സി.ഐ പി.കെ യൂനുസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.