ന്യൂഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി. മലയാളി കൂടിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് പിന്മാറിയത്. ഇന്നലെ കേസ് പരിഗണനക്ക് വന്നപ്പോള്‍ താന്‍ കേസ് കേള്‍ക്കുന്നില്ലെന്നും ഉചിതമായ മറ്റൊരു ബെഞ്ചിന് കൈമാറുന്നുവെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അറിയിക്കുകയായിരുന്നു. ഇതോടെ കേസില്‍ വീണ്ടും പുതിയ ബെഞ്ച് രൂപീകരിക്കേണ്ടി വരും.
കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതിയുടെ വിധിയും ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ സപ്രേയുടെ മുന്‍പില്‍ ഹാജരാകാന്‍ വ്യക്തിപരമായ പ്രയാസമുണ്ടെന്നും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകനായ വിവേക് തന്‍ഖ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ട് സപ്രേ ഉള്‍പ്പെട്ടെ ബെഞ്ച് പിന്മാറി.
ഡിസംബര്‍ 15ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും ബെഞ്ചില്‍ ഉള്‍പ്പെട്ട എ.എം ഖാന്‍വില്‍ക്കര്‍ വാദം കേള്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പിന്മാറി. ഇതോടെ കേസ് വീണ്ടും സപ്രേയുടെ ബെഞ്ചിലേക്ക് തന്നെ എത്തി. ആര്‍.കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സേ്രപ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും വാദം കേള്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി വീണ്ടും പിന്മാറി. ഇതേതുടര്‍ന്നാണ് ജസ്റ്റിസ് കുര്യന്‍ജോസഫ്, അമതവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ കേസ് പരിഗണനക്ക് വന്നത്. എന്നാല്‍ ഇന്നലെ കാരണമെന്നും വ്യക്തമാക്കാതെ ജസ്റ്റിസ് കുര്യന്‍ ജോസഫ് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുകയായിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫും ഉള്‍പ്പെട്ടിരുന്നു.