തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരം.  ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3082 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  2,844 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 189 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 10 മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 347 ആയി. ഇന്നും കൂടുതല്‍ രോഗികള്‍ തലസ്ഥാനത്താണ്. 582 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് 328 പേര്‍ക്കും മലപ്പുറത്ത് 324 പേര്‍ക്കും രോഗബാധയുണ്ടായി. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇരുന്നൂറിലധികമാണ് കേസുകള്‍. കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,196 പേര്‍ക്ക് ഇന്ന് കോവിഡ് ഭേദമായി. 22,676 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍.