kerala

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് ബാര്‍ കൗണ്‍സില്‍

By sreenitha

January 05, 2026

കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടികള്‍ക്ക് ഒരുങ്ങി ബാര്‍ കൗണ്‍സില്‍. ആന്റണി രാജുവിന് നോട്ടീസ് നല്‍കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. വിശദമായ വാദം കേട്ട ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

ആന്റണി രാജുവിനും വഞ്ചിയൂര്‍ കോടതിയിലെ മുന്‍ ക്ലര്‍ക്കായ ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് പ്രോസിക്യൂഷന്‍ ഇന്ന് തുടക്കം കുറിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മന്‍മോഹന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഐപിസി 409 (ക്രിമിനല്‍ വിശ്വാസവഞ്ചന) വകുപ്പ് പ്രകാരം പ്രതികള്‍ക്ക് 14 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

എന്നാല്‍ പരമാവധി മൂന്നു വര്‍ഷം തടവുശിക്ഷ മാത്രമാണ് കോടതി വിധിച്ചതെന്നും ഇത് പര്യാപ്തമല്ലെന്നും പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു. ഇതോടൊപ്പം ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജുവും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം അയോഗ്യത സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കും. മൂന്നു വര്‍ഷത്തെ ശിക്ഷ ലഭിച്ചതോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.