തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപ്പീല്‍ പരിഗണിക്കുക. തൊണ്ടിമുതല്‍ കേസില്‍ ലഭിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍.
കുറ്റപത്രം നല്‍കി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് നേതാവ് പ്രതിയായ കേസില്‍ വിധി വരുന്നത്. അടിവസ്ത്രത്തില്‍ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരന്‍ സാല്‍വദോര്‍ സാര്‍ലിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ആന്റണി രാജുവിനെയും കോടതി ക്ലര്‍ക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 1990 ഏപ്രില്‍ 4നായിരുന്നു സാല്‍വദോര്‍ സാര്‍ലി പിടിയിലായത്.
നീതിന്യായ വ്യവസ്ഥയിലെ അത്യപൂര്‍വ്വ കേസിന്റെ വിധിയാണ് 19 വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ഉണ്ടായത്. 10 വര്‍ഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്റണി രാജു ക്ലര്‍ക്കിന്റെ സഹായത്തോടെ കോടതിയില്‍ നിന്ന് പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയില്‍ വയ്ക്കുകയായിരുന്നു. തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് നാല് വര്‍ഷത്തിന് ശേഷം ഹൈക്കോടതി സാല്‍വദോറിനെ വെറുതെ വിട്ടത്. ഈ കേസില്‍ തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ആന്റണി രാജുവിനെയും ജോസിനെതിരെയും കോടതി ശിക്ഷിച്ചത്. കേസില്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു.