Connect with us

Culture

അവാര്‍ഡ് നല്‍കിയവരും വാങ്ങിയവരും വീട്ടിലെത്തി; ക്ഷണം ഇപ്പോഴാണ്! ചലച്ചിത്ര അക്കാദമിയെ പരിഹസിച്ച് ഷമ്മി തിലകന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വൈകി ലഭിച്ച ക്ഷണക്കത്തിനെ പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍.

Published

on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വൈകി ലഭിച്ച ക്ഷണക്കത്തിനെ പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 25-ന് ഞായറാഴ്ച വിതരണം ചെയ്തിരുന്നു. എന്നാല്‍, ചടങ്ങ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ജനുവരി 29-നാണ് തനിക്ക് ക്ഷണക്കത്ത് ലഭിച്ചതെന്ന് ഷമ്മി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയര്‍ എത്താന്‍ 4 ദിവസം എടുക്കില്ലെന്നിരിക്കെ, ചടങ്ങ് കഴിഞ്ഞ് കത്തയച്ച സാംസ്‌കാരിക വകുപ്പിന്റെ രീതിയെ ഷമ്മി പരിഹസിച്ചു. ‘വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്നത് നമ്മുടെ ശീലമല്ല’ എന്ന് മുന്‍കൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞ ശേഷം മാത്രം വിളിക്കുന്ന ‘അഡ്വാന്‍സ്ഡ്’ ബുദ്ധിയെ അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിച്ചു. സമയം എന്ന മഹാപ്രവാഹത്തെക്കുറിച്ച് അക്കാദമി തന്നെ ഓര്‍മ്മിപ്പിക്കുകയാണോ എന്നും, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോള്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത് അത് ചരിത്രമായ ശേഷം ക്ഷണിക്കപ്പെടുന്നതാണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ‘അടുത്ത വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാല്‍, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുന്‍പെങ്കിലും അത് എന്റെ കയ്യില്‍ കിട്ടുമായിരുന്നില്ലേ?’ – ഷമ്മി തിലകന്‍ ചോദിച്ചു.

സാംസ്‌കാരിക വകുപ്പിന്റെയും ചലച്ചിത്ര അക്കാദമിയുടെയും ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. മമ്മൂട്ടിയും ശംല ഹംസയും മികച്ച അഭിനേതാക്കളായി തിരഞ്ഞെടുക്കപ്പെട്ട ഈ വര്‍ഷത്തെ അവാര്‍ഡ് ചടങ്ങില്‍ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വലിയ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്ന കലാകാരന്മാരോടുള്ള ഈ അവഗണനകള്‍ പ്രതിഷേധാര്‍ഹമാണെന്നാണ് ആരാധകരുടെ പക്ഷം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമയം കഴിഞ്ഞ് എത്തിയ ‘മഹനീയ’ സാന്നിധ്യം!

സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു.
പക്ഷേ, എന്റെ ‘മഹനീയ സാന്നിധ്യം’ അവിടെ വേണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്‌നേഹനിര്‍ഭരമായ ക്ഷണക്കത്ത് എന്റെ കൈകളില്‍ എത്തുന്നത് ഇന്നാണ്-ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്!
അതായത്, അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയര്‍ എത്താന്‍ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്‌കാരിക വകുപ്പിന്റെ ആ ‘സമയനിഷ്ഠ’യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്?
ഇതിനെ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയര്‍ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ ‘ആര്‍ട്ട്’ ആണ് ഞാന്‍ ശ്രദ്ധിക്കുന്നത്!
ചില നിരീക്ഷണങ്ങള്‍:
‘വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്നത് നമ്മുടെ ശീലമല്ല’ എന്നത് മുന്‍കൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ ‘അഡ്വാന്‍സ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു.
‘സമയം എന്ന മഹാപ്രവാഹത്തിന് തടയിടാന്‍ ആര്‍ക്കും കഴിയില്ല’ എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓര്‍മ്മിപ്പിക്കുകയാണോ?
അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ?
പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നില്‍ക്കുന്നു… അടുത്ത വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാല്‍, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുന്‍പെങ്കിലും അത് എന്റെ കയ്യില്‍ കിട്ടുമായിരുന്നില്ലേ?
സാംസ്‌കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാന്‍ ഇനിയും ‘കൊറിയര്‍’ വരേണ്ടതുണ്ടോ?
നന്ദി,
ഷമ്മി തിലകന്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

ബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്‌സും പുറത്ത്

നിർമ്മാണം സെവൻ സ്ക്രീൻ സ്റ്റുഡിയോസ്

Published

on

സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്‌സും പുറത്ത്. ബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ ടീം പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ പേര് “രാവടി”. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിൻറെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക്, ക്യാരക്ടർ ഗ്ലിംപ്സ് എന്നിവ പുറത്തു വിട്ടത്. തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം സമ്മർ റിലീസായി തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുങ്ങുന്ന ഈ ഫൺ എന്റെർറ്റൈനെർ ചിത്രത്തിന്റെ സഹനിർമ്മാണം എൽ കെ വിഷ്ണു.

ബേസിൽ ജോസഫ്. എൽ കെ അക്ഷയ് കുമാർ എന്നിവർ കൂടാതെ ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, അരുണാചലേശ്വരൻ പി. എ., ഷരീഖ് ഹസ്സൻ, നടി ഐശ്വര്യ ശർമ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ “സിറൈ” എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എൽ കെ അക്ഷയ് കുമാർ. ഒരു സമ്പൂർണ്ണ കോമഡി എന്റർടെയ്നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബേസിൽ ജോസഫ്, L.K. അക്ഷയ് കുമാർ, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ എന്നിവരുടെ വ്യത്യസ്തമായ ലുക്കുകൾ ഇതിനോടകം ആരാധകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ഛായാഗ്രഹണം – ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, കലാസംവിധാനം- പി എസ് ഹരിഹരൻ, വസ്ത്രങ്ങൾ – പ്രിയ, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- കെ അരുൺ, മണികണ്ഠൻ, പിആർഒ- ശബരി

Continue Reading

Film

ഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി

സംവിധായിക പോ സി തെങ് (Poh Si Teng) ഒരുക്കിയ ഈ ഡോക്യുമെന്ററി, വംശഹത്യയുടെ ഭീകരതയും ഗസ്സയിലെ സാധാരണക്കാരുടെ ദുരവസ്ഥയും തുറന്നുകാട്ടുന്നതാണ്.

Published

on

വാഷിംഗ്ടണ്‍: ഇസ്രാഈലിന്റെ കൂരതകള്‍ക്കിടയില്‍ ഗസ്സയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച അമേരിക്കന്‍ ഡോക്ടര്‍മാരുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ച് ‘അമേരിക്കന്‍ ഡോക്ടര്‍’. സംവിധായിക പോ സി തെങ് (Poh Si Teng) ഒരുക്കിയ ഈ ഡോക്യുമെന്ററി, വംശഹത്യയുടെ ഭീകരതയും ഗസ്സയിലെ സാധാരണക്കാരുടെ ദുരവസ്ഥയും തുറന്നുകാട്ടുന്നതാണ്.

‘ഇത് ഞങ്ങളുടെ നികുതിപ്പണം ചെയ്ത ക്രൂരത’, കൊല്ലപ്പെട്ട ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ വികൃതമായ മൃതദേഹങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായിക വിമുഖത കാണിച്ചപ്പോള്‍, ജൂത വംശജനായ അമേരിക്കന്‍ ഡോക്ടര്‍മാര്‍ക്ക് പെര്‍ല്‍മുട്ടര്‍ നല്‍കിയ മറുപടി ഡോക്യുമെന്ററിയുടെ ആമുഖത്തില്‍ തന്നെയുണ്ട്. ‘ഈ ക്രൂരതകള്‍ കാണിക്കാതിരിക്കുന്നത് അവരോട് ചെയ്യുന്ന അനാദരവാണ്. നമ്മുടെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച ആയുധങ്ങളാണ് ഈ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയത്. ലോകം ഈ സത്യം അറിയണം. അത് മറച്ചുവെക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിലെ വീഴ്ചയാണ്,’ എന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്.

മാര്‍ക്ക് പെര്‍ല്‍മുട്ടര്‍ ഉള്‍പ്പെടെയുള്ള മൂന്ന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ ഗസ്സയിലെ തകര്‍ന്നടിഞ്ഞ ആശുപത്രികളില്‍ ഫലസ്തീന്‍ ഡോക്ടര്‍മാരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. അറ്റുപോയ അവയവങ്ങളും മാരകമായ മുറിവുകളുമായി എത്തുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ വേദന ഇതില്‍ കാണാം.

ഇസ്രാഈലിന്റെ കര്‍ശനമായ ഉപരോധം കാരണം ജീവന്‍രക്ഷാ മരുന്നുകളും ആന്റിബയോട്ടിക്കുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ഡോക്ടര്‍മാര്‍ക്ക് രഹസ്യമായി ഗസ്സയിലേക്ക് കടത്തേണ്ടി വന്നു. എന്നാല്‍ പലപ്പോഴും ഇസ്രാഈല്‍ അധികൃതര്‍ ഇവരെ അതിര്‍ത്തിയില്‍ തടയുന്നതായും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്.

ഇസ്രാഈല്‍ സൈന്യം ആശുപത്രികളെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളുടെ ഭീകരത ചിത്രം വിവരിക്കുന്നുണ്ട്. 2025 ഓഗസ്റ്റില്‍ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ നടത്തിയ സ്‌ഫോടനത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ സ്‌ഫോടനത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനായി ആളുകള്‍ എത്തുമ്പോള്‍ വീണ്ടും സ്‌ഫോടനം നടത്തുന്നതാണ് ചിത്രീകിച്ചിരിക്കുന്നത്.

അതേസമയം ആശുപത്രികള്‍ക്കുള്ളില്‍ ഹമാസ് ഒളിച്ചിരിക്കുന്നു എന്ന ഇസ്രാഈലിന്റെ വാദങ്ങളെ ഈ ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നു. പരിക്കേറ്റ നിസ്സഹായരായ മനുഷ്യരെയാണ് തങ്ങള്‍ അവിടെ കണ്ടതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വാഷിംഗ്ടണിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ ഡോക്ടര്‍മാര്‍ നടത്തുന്ന മനുഷ്യാവകാശ പോരാട്ടങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.

 

Continue Reading

Culture

പത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ

രസ്‌കാര നേട്ടത്തിന് ശേഷം സെറ്റിലെത്തിയ മമ്മൂട്ടിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും, പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു.

Published

on

32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനൊപ്പം ഒന്നിക്കുന്ന “പദയാത്ര” എന്ന ചിത്രത്തിന്റെ സെറ്റിൽ പത്മഭൂഷൺ മമ്മൂട്ടിക്ക് സ്നേഹാദരം. പുരസ്‌കാര നേട്ടത്തിന് ശേഷം സെറ്റിലെത്തിയ മമ്മൂട്ടിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും, പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. ശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും ചേർന്ന് കേക്ക് മുറിച്ചാണ് ഈ സന്തോഷം പങ്ക് വെച്ചത്. മമ്മൂട്ടിക്ക് പുറമെ, ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്ന നടി ഗ്രേസ് ആന്റണി, നടൻ ഇന്ദ്രൻസ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം താരമാണ് മമ്മൂട്ടി.

മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന പദയാത്രയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി – അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള 2 ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം – ഷെഹനാദ് ജലാൽ, സംഗീതം – മുജീബ് മജീദ്, എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി – മീരസാഹിബ്, നിർമ്മാണ സഹകരണം – ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം – ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം – സുനിൽ സിങ്, നിർമ്മാണ നിയന്ത്രണം – ബിനു മണമ്പൂർ, ചമയം – റോണക്സ് , ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം – എസ് ബി സതീശൻ, ശബ്ദമിശ്രണം – കിഷൻ മോഹൻ (സപ്ത റെക്കോർഡ്), നിശ്ചല ഛായ – നവീൻ മുരളി,  പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,  പരസ്യ പ്രചരണം – വിഷ്ണു സുഗതൻ, പരസ്യ കല – ആഷിഫ് സലിം.

Continue Reading

Trending