editorial

എസ്.ഐ.ആര്‍ കാണാതെ പോയവര്‍

By webdesk17

December 24, 2025

സംസ്ഥാനത്ത് എസ്.ഐ.ആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. 2,78,50856 വോട്ടര്‍മാരില്‍ നിന്ന് 2,5442352 എന്യൂമറേഷന്‍ ഫോമാണ് തിരികെ ലഭിച്ചത്. അതായത് 91.35% പൂരിപ്പിച്ച് ലഭിച്ചപ്പോള്‍ 8.65% അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കണ്ടെത്താന്‍ സാധിക്കാത്തവര്‍, താമസം മാറിയവര്‍, മരിച്ചവര്‍ എന്നിങ്ങനെയുള്ള ഗണത്തില്‍ ഉള്‍പ്പെട്ടാണ് ഇത്രയും പേര്‍ പുറത്തായിരിക്കുന്നത്.

പുറത്താക്കപ്പെട്ടവരില്‍ ഏറ്റവുംകൂടുതല്‍ പേര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലാണെന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കേരളം ഉയര്‍ത്തിയ ആശങ്കകള്‍ സ്ഥാനത്തുതന്നെയാണ് എന്നതാണ്. വട്ടിയൂര്‍ക്കാവ് (49740), കഴക്കൂട്ടം (39519), പാലക്കാട് (29339) എന്നീ മണ്ഡലങ്ങളാണ് പുറത്താക്കപ്പെട്ട വരുടെ എണ്ണത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

എസ്.ഐ.ആര്‍ നടപടികള്‍ സുതാര്യമായല്ല നടപ്പാക്കുന്നതെന്ന ആക്ഷേപം കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത മുഴുവന്‍ സര്‍വകക്ഷി യോഗങ്ങളിലും ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ സ്വരത്തില്‍ ഉന്നയിച്ചതാണ്. ഇരട്ടിപ്പുകള്‍ നീക്കിയതിനു പുറമെ വോട്ടുചെയ്യാന്‍ യോഗ്യതയുള്ളവരെയും പുറത്താക്കിയെന്ന ആക്ഷേപം വ്യാപകമാണ്. എല്ലാവരിലേക്കും ഫോം എത്തിക്കുന്നതില്‍ ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയെന്നും ഇത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി മനപൂര്‍വം സംഭവിച്ചതാണെന്നുമുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്.

എന്യൂമറേഷന്‍ ഫോം വിതരണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ഒഴിവാക്കപ്പെട്ടവരുടെ വിവരം കമ്മീഷന്‍ പുറത്തുവിട്ടത്. കൃത്യമായ വിവരം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്‍ കൂടുതല്‍ പേരെ പട്ടികയില്‍ നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെങ്കിലും കമ്മീഷന്‍ അതിനും തയാറായിരുന്നില്ല. ജോലിക്കും വിദ്യാഭ്യാസത്തിനുമായി താല്‍ക്കാലികമായി മാറിനില്‍ക്കുന്നവരെ സ്ഥിരമായി മാറിനില്‍ക്കുന്നവരെന്നും ഫോം സ്വീകരിക്കാത്ത വരെന്നും മുദ്രകുത്തിയാണ് ഒഴിവാക്കിയിരിക്കുന്നത്.

2025 ലെ പട്ടികയില്‍ ഉള്‍പ്പെട്ട 2,78,50,855 പേര്‍ക്കും ഫോം നല്‍കിയെന്നും അവയൊക്കെ ഡിജിറ്റലൈസ് ചെയ്‌തെന്നുമുള്ള വിചിത്രമായ വാദമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരത്തുന്നത്. അങ്ങനെ എല്ലാവര്‍ക്കും ഫോം നല്‍കിയിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയെന്ന ചോദ്യത്തിന് പക്ഷേ കമ്മീഷന് മറുപടി നല്‍കാന്‍ സാധിക്കുന്നില്ല. ഫോം നിരസിച്ചുവെന്ന കാരണം പറഞ്ഞ് കുറേപേരെ ഒഴിവാക്കിയെങ്കിലും ഇവര്‍ക്കൊന്നും ഫോം തന്നെ നല്‍കിയിട്ടില്ലെന്നതാണ് വാസ്തവം.

ഫോം വീട്ടിലെത്തിച്ചുനല്‍കാനോ അവരെ കണ്ടുമുട്ടാനോ ഉള്ള ഒരു ശ്രമവും നടത്താതെ അവര്‍ ഫോം നിരസിച്ചു വെന്ന് പറയുന്നത് വോട്ടുചോരിയുടെ മറ്റൊരു രൂപമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി, പട്ടികയില്‍നിന്ന് ഒഴിവാക്കേണ്ടവരെ കണ്ടെത്താന്‍ ചേരേണ്ട ബൂത്ത്തല യോഗങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം ഇടങ്ങളിലും നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 24 ലക്ഷം പേരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പായി ബി.എല്‍.ഒമാരും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗം ചേര്‍ന്ന് അന്തിമ വിലയിരുത്തല്‍ നടത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമീഷന്റെ ഉറപ്പ്.

അംഗീകൃത പാര്‍ട്ടികളുടെ പ്രതിനിധികളെ രേഖാമൂലം ക്ഷണിച്ച് യോഗം വിളിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നെങ്കിലും ഇത് നടപ്പായിരുന്നില്ല. വിവര ശേഖരണ ഘട്ടത്തില്‍ ഫോം സമര്‍പ്പിക്കുന്ന എല്ലാവരെയും കരട് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടന്നിരുന്നു വെങ്കിലും ഇതും പാളിയിരുന്നു. ഫോം കൃത്യമായി പൂരിപ്പിച്ച് നല്‍കിയവരെ പോലും കണ്ടെത്താന്‍ കഴിയാത്തവരുടെ ലിസ്റ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. ബി.എല്‍.ഒ മാര്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുകയും ഇതിന്റെ തെളിവായുള്ള ഫോമുകള്‍ ജനങ്ങള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.

എന്നിട്ടും ഇത്രയും പേര്‍ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്ന ചോദ്യത്തിന് കമ്മീഷന്‍ ഉത്തരം നല്‍കേണ്ടതുണ്ട്. കൃത്യമായ പരിശീലനം ലഭിക്കാത്ത ബി.എല്‍.ഒ മാരുടെ നടപടികള്‍ അപകടം വരുത്തുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ കമ്മീഷന്‍ തയാറായിരുന്നില്ല. വിവാദമായ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയിലൂടെ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി പുറന്തള്ളിയിരിക്കുന്നത് മൂന്നുകോടിയിലധികം വോട്ടര്‍മാരെയാണ്.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കാണിത്. ഇതില്‍ തമിഴ്നാട്ടിലാണ് കടും വെട്ട് നടന്നിട്ടുള്ളത്. ഒരു കോടിയോളം പേരെയാണ് സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ നിന്ന് 73.7 ലക്ഷംപേരെയാണ് പുറത്താക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്ന് അരക്കോടിയോളം പേര്‍ പുറത്തായപ്പോള്‍ ഗോവയില്‍ നിന്ന പത്തു ലക്ഷം പേരും പുതുച്ചേരിയില്‍ നിന്ന് ഒരു ലക്ഷംപേരും ലക്ഷദ്വീപില്‍ നിന്ന് 1500 ലധികം പേരും പുറത്തായിരിക്കുകയാണ്.