മണിപ്പൂരില്‍ വീണ്ടും അശാന്തി പുകയുകയാണ്. ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്ന മെയ്‌തെയ്-കുക്കി സംഘര്‍ഷ ങ്ങളുടെ മുറിവുകള്‍ ഉണങ്ങുന്നതിന് മുന്‍പേ, സമാധാനാന്തരീക്ഷം നിലനിന്നിരുന്ന നാഗാ സ്വാധീന മേഖലകളിലേക്കും അക്രമം പടരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഉഖുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തിലുണ്ടായ പുതിയ തീവെപ്പും വെടിവെപ്പും വെറുമൊരു പ്രാദേശിക തര്‍ക്കമായല്ല, മറിച്ച് സംസ്ഥാനത്തെ വംശീയ സമവാക്യങ്ങളില്‍ സംഭവിക്കുന്ന അപകടകരമായ മാറ്റമായാണ് വിലയിരുത്തേണ്ടത്. നേരത്തെ നടന്ന സംഘര്‍ഷങ്ങളില്‍ വലിയൊരളവ് വരെ നിഷ്പക്ഷത പാലിച്ചിരുന്ന നാഗാവിഭാഗം കൂടി അക്രമത്തിന്റെ ഭാഗമാകുന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ലിതാനിലെ തങ്ഖുല്‍ നാഗ വിഭാഗത്തിന്റെയും കുക്കി-സോ വിഭാഗത്തിന്റെയും വീടുകള്‍ അഗ്‌നിക്കിരയായത് വെറുമൊരു മദ്യപാന തര്‍ക്കത്തിന്റെ പരിണതഫലമായി മാത്രം കാണാനാവില്ല. മറിച്ച്, സംസ്ഥാനത്ത് നിലനില്‍ക്കുന്ന കടുത്ത അവിശ്വാസവും അരക്ഷിതാവസ്ഥയും ചെറിയ പ്രശ്നങ്ങളെപ്പോലും വലിയ വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നു എന്നതിന്റെ തെളിവാണിത്.
ഉഖുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തില്‍ ഉണ്ടായ അക്രമങ്ങളില്‍ 24 വീടുകളാണ് കത്തിനശിച്ചത്. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കുകയും പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തങ്ഖുല്‍ നാഗ സമുദായത്തില്‍പ്പെട്ട 21 വീടുകളും കു ക്കി-സോ സമുദായത്തില്‍പ്പെട്ട മൂന്ന് വീടുകളും ഏതാനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു. ശനിയാഴ്ച രാത്രി കുക്കി-സോസ് വിഭാഗത്തില്‍പ്പെട്ട ഒരു സംഘം ഒരു നാഗാ യുവാവിനെ ആക്രമിച്ചതായി ആരോപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. തൊട്ടുപിന്നാലെ ലിതാന്‍ സരീഖോങ് പ്രദേശത്ത് വെടിവയ്പ്പും തീവയ്പ്പുമുണ്ടായി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇത് സംഘര്‍ഷം രൂക്ഷമാക്കുകയും നിരവധി ആക്രമണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ലിറ്റാന്‍ സരീഖോങ് (കുക്കി), ഷിക്കിബുങ് (തങ്ഖുല്‍) എന്നിവിട ങ്ങളിലുള്ള ആളുകള്‍ മദ്യപിച്ചുണ്ടായ വഴക്കാണ് സംഘര്‍ഷമായി രൂപപ്പെട്ടതെന്ന് പറയപ്പെടുന്നണ്ടെങ്കിലും യഥാര്‍ത്ഥ കാരണം മറ്റു പലതുമാണ്. സംഘര്‍ഷത്തെ തുടര്‍ ന്ന് ലിറ്റാന്‍ പ്രദേശത്തേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിന്യ സിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായി മണിപ്പൂര്‍ പൊലീസ് പറഞ്ഞു. ഒന്നിലധികം ജില്ലകളിലെ സെന്‍സിറ്റീവ്, ദുര്‍ബല പ്രദേശങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. നാഗാഭൂരിപക്ഷ ജില്ലയാണ് ഉഖൂല്‍. നേരത്തെ കുക്കി മെയ്തി വിഭാഗങ്ങള്‍ തമ്മി ലുണ്ടായ സംഘര്‍ഷം ഏറെ നാള്‍ തുടര്‍ന്നിരുന്നു.
സംഘര്‍ഷം പടരാതിരിക്കാന്‍ ഇന്റര്‍നെറ്റ് നിരോധനവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തുന്നത് താല്‍ക്കാലിക പരിഹാര ങ്ങള്‍ മാത്രമാണ്. മണിപ്പൂരിലെ മലയോര മേഖലകളിലും താഴ്വരകളിലും ഇപ്പോഴും ആയുധങ്ങള്‍ യഥേഷ്ടം ലഭ്യമാണെന്നത് ക്രമസമാധാന പാലനത്തിലെ വലിയ പോരായ്മയാണ്. സുരക്ഷാ സേനയുടെ തിരച്ചിലില്‍ ആയുധങ്ങള്‍ ക ണ്ടെടുക്കുന്നുണ്ടെങ്കിലും സമാന്തര സൈന്യങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് പരാജയമായി തന്നെ കാണേണ്ടി വരും.
മണിപ്പൂര്‍ പ്രശ്‌നം കേവലം ക്രമസമാധാന പ്രശ്നം മാത്രമല്ല, മറിച്ച് ആഴത്തിലുള്ള രാഷ്ട്രീയ പ്രശ്നമാണ്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം, എല്ലാ സമുദായങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. നാഗാ വിഭാഗം കൂടി സംഘര്‍ഷത്തിന്റെ ഭാഗമായാല്‍ അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയാകെ സുസ്ഥിരതയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മണിപ്പൂര്‍ ഇന്ന് ഒരു അഗ്നിപര്‍വ്വതത്തിന് മുകളിലാണ്. ലിതാനിലെ സംഭവങ്ങള്‍ ഒരു മുന്നറിയിപ്പാണ്. വംശീയ ചേ രിതിരിവ് നാഗാ മേഖലകളിലേക്കും പടര്‍ന്നാല്‍ സ്ഥിതിഗ തികള്‍ നിയന്ത്രണാതീതമാകും. വിദ്വേഷം പടര്‍ത്തുന്ന വ്യാജ പ്രചരണങ്ങളെ തടയുന്നതിനൊപ്പം തന്നെ, താഴെത്തട്ടില്‍ സമാധാന സമിതികള്‍ രൂപീകരിച്ച് ജനങ്ങള്‍ക്കിടയിലെ അവിശ്വാസം നീക്കം ചെയ്യാനുള്ള നടപടികളാണ് ഉടന്‍ ഉണ്ടാവേണ്ടത്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഭരണകൂടം കര്‍ക്കശവും എന്നാല്‍ പക്ഷപാതരഹിതവുമായ നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും മണിപ്പൂരിനെ കത്താന്‍ അനുവദിക്കരുത്. നേരത്തെയുണ്ടായ അക്രമസംഭവങ്ങളില്‍ നിരവധി സ്വത്തുക്കളും ആള്‍നാശ വുമാണുണ്ടായത്. വര്‍ഷത്തോളം അക്രമം തടരുകയും ചെയ്തു. അതിനിയും സംഭവിക്കാന്‍ അനുവദിക്കരുത്. മണിപ്പൂരിലെ മുഴുവന്‍ കനലും കെടുത്തണം. ഒരു തീപൊരിപോലും ഇനിയുണ്ടാകരുത്. അത് സംസ്ഥാനത്തിനും രാജ്യത്തിനും താങ്ങാനാവില്ല.