ഡല്‍ഹി: രാജ്യത്തു തുടരുന്ന കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ചത്തിന്റെ പേരില്‍ ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ-വധ ഭീഷണി. സമൂഹ മാധ്യമങ്ങളിലെ സ്വകാര്യ സന്ദേശങ്ങള്‍ വഴിയാണ് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നു ജമീല പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജമീല പ്രതികരിച്ചത്.

‘കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ കര്‍ഷകരെ കുറിച്ച് ഞാന്‍ നിരന്തരം സംസാരിക്കുന്നുണ്ട്. എന്നാല്‍ ഓരോ വേളയിലും ഞാന്‍ ബലാത്സംഗ-വധ ഭീഷണികളുടെ നടുവിലാണ്. എനിക്ക് ഇത്തരം സ്വകാര്യ സന്ദേശങ്ങള്‍ അയക്കുന്നവര്‍ ഞാനുമൊരു മനുഷ്യനാണ് എന്നോര്‍ക്കണം. എനിക്കും ഒരു പരിധിയുണ്ട്. ഇന്ത്യന്‍ കര്‍ഷകര്‍ക്കും അവരുടെ കൂടെ നില്‍ക്കുന്നവര്‍ക്കുമാണ് എന്റെ ഐക്യദാര്‍ഢ്യം’, അവര്‍ വ്യക്തമാക്കി.

ജനപ്രിയ നടിയായ ജമീല ജമീല്‍ ആക്ടിവിസ്റ്റും റേഡിയോ അവതാരകയുമാണ്. ഇന്ത്യന്‍ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചതിനാണ് അവരുടെ നേരെ ബലാത്സംഗ-വധ ഭീഷണികള്‍ ഉയര്‍ന്നിട്ടുള്ളത്. ടി4 എന്ന പരിപാടിയിലൂടെ ടെലിവിഷന്‍ ലോകത്തേക്ക് കടന്നു വന്ന അവര്‍ നിരവധി പോപ് പരമ്പരകളുടെ അവതാരകയായിരുന്നു