തെല്‍അവിവ്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍. ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനു ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 236 ആയി. ഗസ്സ സിറ്റിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ രാത്രി വീണ്ടും വ്യോമാക്രമണം നടന്നു.
അതേസമയം മുഴുവന്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ ലഭിച്ചാലുടന്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കാന്‍ സൈന്യം മടിക്കരുതെന്ന് ഇസ്രാഈല്‍ ഊര്‍ജ മന്ത്രി ഏലി കോഹന്‍ പ്രതികരിച്ചു. ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇസ്രാഈലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി ഈജിപ്തിന്റെയും റെഡ്‌ക്രോസിന്റെയും സഹായം തേടിയിരിക്കുകയാണ് ഹമാസ്. കഴിഞ്ഞ ദിവസം മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറിയിരുന്നു. തെക്കന്‍ ഗസ്സയിലെ തുരങ്കത്തില്‍ ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളാണ് കൈമാറിയത്. ഇതുവരെ 20 ബന്ദികളുടെ മൃതദേഹങ്ങളാണ് ഹമാസ് വിട്ടുനല്‍കിയത്. എട്ടുപേരുടെ മൃതദേഹങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്.
അതേസമയം, 45 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രാഈല്‍ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ഫലസ്തീന്‍ തടവുകാരെയും ഇസ്രാഈല്‍ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.
ഗസ്സയില്‍ സുസ്ഥിര സമാധാനം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനിയുമായി ചര്‍ച്ച നടത്തി.