india

മാണ്ഡ്യയില്‍ കനാലില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ചു

By webdesk18

November 03, 2025

മംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കനാലില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ചു. ദൊഡ്ഡകൊട്ടഗെരെ ഗ്രാമത്തിലെ വിശ്വേശ്വരയ്യ കനാലിലാണ് ദാരുണമായ അപകടം ഉണ്ടായത്.

മൈസൂരു ഉദയഗിരിയിലെ ഹാജിറ റിസ്വാന്‍ മദ്രസയിലെ വിദ്യാര്‍ത്ഥിനികളായ ഹാനി (14), അഫ്രീന്‍ (13), ജാനിയ പര്‍വീന്‍ (13) എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. ഇതില്‍ ഹാനിയുടെയും അഫ്രീന്റെയും മൃതദേഹങ്ങള്‍ കനാലില്‍ നിന്ന് കണ്ടെത്തി. ജാനിയ പര്‍വീനെക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

അപകടസമയത്ത് അഞ്ച് കുട്ടികള്‍ കനാലില്‍ ഇറങ്ങിയിരുന്നു. കനാലില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെ ഒരു കുട്ടി കാല്‍ വഴുതി വെള്ളത്തിലേക്ക് വീണതിനെത്തുടര്‍ന്ന്, രക്ഷിക്കാന്‍ ഇറങ്ങിയ മറ്റുള്ളവരും ഒഴുക്കില്‍പെട്ടു.

ആയിഷ (13), ആല്‍ബിയ (22), മുഹമ്മദ് ഗൗസ് (13) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി മൈസൂരുവിലെ കെ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 15 വിദ്യാര്‍ത്ഥികളെയാണ് സ്ഥലത്തേക്ക് എത്തിച്ചിരുന്നത്. അപകടം അതിനിടെയാണ് സംഭവിച്ചത്.

സംഭവത്തെ തുടര്‍ന്ന് മാണ്ഡ്യ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കുമാര സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും, പോലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു.