kerala

ദേശീയ പാതയിലെ മൊറയൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര്‍ മരിച്ചു

By webdesk17

March 12, 2026

വള്ളുവമ്പ്രം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ മൊറയൂര്‍ വാലഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന്‌ രാവിലെ എട്ടരയോടെയാണ് അപകടം. കാര്‍ യാത്രക്കാരായ മേലാറ്റൂര്‍ സ്വദേശികളായ സക്കീന (42), ബാസില (19), ഡ്രൈവര്‍ ഷിയാസ് (23) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുവിനെ ഇറക്കി തിരിച്ചു വന്ന കുടുംബക്കാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാലക്കാട് ഭാഗത്ത് നിന്ന് വന്ന എതിര്‍ദിശയിലെ സ്വകാര്യ ബസിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിലെ ഡ്രൈവര്‍ ഉറങ്ങിപോയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മണ്ണാര്‍കാട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ ഷിയാസിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലും സക്കീനയുടെയും ബാസിലയുടെയും മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുമാണ് ഉള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളേജിലേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.