കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെഡിയുടെ തേജസ്വി യാദവ് എന്നിവരെ അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ഇന്ത്യ സഖ്യത്തിന്റെ മൂന്ന് കുരങ്ങുകള്‍’ എന്നാണ് യോഗി വിളിച്ചത്.
കെയോട്ടി അസംബ്ലി സെക്ടറിലെ ദര്‍ഭംഗ ജില്ലാ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ, ‘മൂന്ന് പുതിയ കുരങ്ങുകള്‍’ അന്ധരും ബധിരരുമാണെന്നും ഭരണകക്ഷിയായ എന്‍ഡിഎ ചെയ്യുന്ന നല്ല ജോലി വ്യക്തമാക്കാന്‍ കഴിയാത്തവരുമാണെന്നും യോഗി അധിക്ഷേപിച്ചു.
‘മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാര്‍ കണ്ടില്ല, കേട്ടില്ല, ചീത്ത പറഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ മൂന്ന് കുരങ്ങന്മാരുണ്ട്. എന്‍ഡിഎ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ കാണാത്ത പപ്പുവും, കേള്‍ക്കാത്ത തപ്പുവും, പറയുമ്പോള്‍ സമ്മതിക്കാത്ത അക്കുവുമൊക്കെയാണ് പുതിയ കുരങ്ങുകള്‍’.
കൂടാതെ, കോണ്‍ഗ്രസും ആര്‍ജെഡിയും എസ്പിയും ബീഹാറിലെ ക്രിമിനലുകളെ പിന്തുണയ്ക്കുന്നുവെന്നും സംസ്ഥാനത്തിന്റെ സുരക്ഷ അപകടത്തിലാക്കാന്‍ നുഴഞ്ഞുകയറ്റക്കാരെ പ്രാപ്തരാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനമാണ് ബിജെപി പാലിച്ചതെന്നും ഇനി സീതാമര്‍ഹിയില്‍ മാ ജാനകിയുടെ ക്ഷേത്രം പണിയുമെന്നും രാം ജാനകി മാര്‍ഗിലൂടെ അയോധ്യയുമായി ബന്ധിപ്പിക്കുമെന്നും യോഗി പറഞ്ഞു.