kerala

വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം

By webdesk18

December 17, 2025

കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.

ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. നിലവിൽ കേരളത്തിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കൾ മാത്രമാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പുതിയ വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിരുന്നത്. ഡിസംബർ ആറിനായിരുന്നു രജിസ്ട്രേഷനുള്ള അവസാന തീയതി. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.

ഇതിനെ തുടർന്ന് കാലാവധി നീട്ടണമെന്ന മുസ്‌ലിം സംഘടനകളുടെയും വിവിധ സ്ഥാപന മാനേജ്‌മെന്റുകളുടെയും ആവശ്യം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വഖഫ് ബോർഡ് ട്രിബ്യൂണലിനെ സമീപിച്ചതും, ട്രിബ്യൂണൽ മൂന്ന് മാസം കൂടി സമയം അനുവദിച്ചതും.