kerala

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

By webdesk18

October 13, 2025

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ആനക്കോട്ടൂര്‍ മുണ്ടുപാറയില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍ (38), മുണ്ടുപാറ അര്‍ച്ചന (33), കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്ത് ശിവകൃഷ്ണന്‍ (23) എന്നിവരാണ് മരിച്ചത്.

അര്‍ച്ചനയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണതാണ് ദാരുണാന്ത്യത്തിന് കാരണം. സോണിയോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ കൈവരി പൊട്ടി അപകടം സംഭവിച്ചു. കരയില്‍ നിന്നിരുന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു.

ഏകദേശം നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനുശേഷം മൃതദേഹങ്ങള്‍ പുറത്തെടുത്തു. കിണറിന് 80 അടി താഴ്ചയുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയര്‍‌സ്റ്റേഷനില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഫയര്‍ഫോഴ്സ് എത്തിയപ്പോള്‍ അര്‍ച്ചനയുടെ രണ്ട് മക്കളാണ് വീട്ടുവഴി കാണിച്ചുകൊടുത്തത്.

പ്രാഥമിക നിഗമനം പ്രകാരം, അര്‍ച്ചനയും ശിവകൃഷ്ണനും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് യുവതി കിണറ്റിലേക്ക് ചാടിയത്. അപകടസമയത്ത് ശിവകൃഷ്ണന്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.