kerala

തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഷെഡ് തീപിടിത്തം: വിശദീകരണവുമായി റെയിൽവേ

By sreenitha

January 05, 2026

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഷെഡ്ഡിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് റെയിൽവേ വിശദീകരണവുമായി രംഗത്തെത്തി. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന ആരോപണം അധികൃതർ നിഷേധിച്ചു. പാർക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തിൽ നിന്നാണ് ആദ്യം തീപിടിത്തം ഉണ്ടായതെന്നും പിന്നീട് അത് പടർന്നതാണെന്നും റെയിൽവേ വ്യക്തമാക്കി.

ചട്ടം ലംഘിച്ചുള്ള നിർമാണത്തിനെതിരെ തൃശൂർ കോർപ്പറേഷൻ നോട്ടീസ് നൽകിയെന്ന വാദവും റെയിൽവേ തള്ളി. കോർപ്പറേഷനിൽ നിന്നൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും റെയിൽവേയുടെ സ്വന്തം സ്ഥലത്തുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷന്റെ അനുമതി ആവശ്യമില്ലെന്നുമാണ് വിശദീകരണം.

സംഭവസ്ഥലത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും തീപിടിത്തത്തിൽ അവ നശിച്ചതായി റെയിൽവേ അറിയിച്ചു. ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. തീപിടിത്തത്തിൽ റെയിൽവേയുടെ ടവർ വാഗണിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് ഉടൻ സ്ഥലത്തുനിന്ന് നീക്കിയതായും അധികൃതർ വ്യക്തമാക്കി.