തൃശൂര്‍: വടക്കാഞ്ചേരിയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു കുട്ടി രക്ഷപെട്ടു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തില്‍ മലാക്കയില്‍ ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്‌സ് (47), ഭാര്യ ബിന്ദു (35) എന്നിവര്‍ക്ക് പരിക്കേറ്റത്. മൂത്തമകന്‍ സെലസ്ഫിയാണ് (12) രക്ഷപ്പെട്ടത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കുട്ടികള്‍ ഉറങ്ങിയ മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ സ്ഥാപിച്ചിരുന്ന ഇന്‍വെര്‍ട്ടറിന് തീപിടിച്ചെന്നാണ് സൂചന. അതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നും വിവരമുണ്ട്. എന്നാല്‍ അപകടകാരണം വ്യക്തമായിട്ടില്ല.