kerala

തൃശൂര്‍ വോട്ട് ക്രമക്കേട്: സുരേഷ് ഗോപിക്കെതിരെ അന്വേഷണം

By webdesk17

August 12, 2025

തൃശൂരിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന പരാതിയില്‍ അന്വേഷണം. കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. എ.സി.പി സലീഷ് ശങ്കറാണ് അന്വേഷണം നടത്തുക.

വിഷയത്തില്‍ നിയമോപദേശം തേടുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എം.പി ടി.എന്‍. പ്രതാപന്‍, മുന്‍ എം.എല്‍.എ അനില്‍ അക്കര എന്നിവര്‍ നേരിട്ടെത്തിയാണ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.

തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വ്യാജ വോട്ടും ക്രമക്കേടുമെല്ലാം പരാതിയില്‍ ഉന്നയിച്ചിരുന്നു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂരിലെ 115-ാം നമ്പര്‍ ബൂത്തില്‍ സുരേഷ് ഗോപി വോട്ട് ചേര്‍ത്തുവെന്നാണ് പരാതി. പുതിയതായി വോട്ട് ചേര്‍ക്കുമ്പോള്‍ സ്ഥിരതാമസക്കാരെന്ന രേഖയും സത്യപ്രസ്താവനയും നല്‍കണം. തിരുവനന്തപുരം ശാസ്തമംഗലത്തെ സ്ഥിരതാമസക്കാരായ സുരേഷ് ഗോപി തൃശ്ശൂരില്‍ നല്‍കിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ശാസ്തമംഗലം ഡിവിഷനിലെ 22/1788 വീട്ടുനമ്പറിലാണ് സ്ഥിരതാമസക്കാരന്‍. കേന്ദ്ര മന്ത്രിയായ ശേഷവും തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം ഡിവിഷനില്‍ സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും പേരുകള്‍ തുടരുന്നുണ്ട്.

സുരേഷ് ഗോപിയും സഹോദന്‍ സുഭാഷ് ഗോപിയും അടക്കം 11 പേരുടെ വോട്ടുകള്‍ ഒറ്റ വിലാസത്തില്‍ ചേര്‍ത്തു. സുഹൃത്തായ സുജിത്തിന്റെ വീട്ടിലാണ് സുരേഷ് ഗോപി വാടകക്ക് താമസിച്ചിരുന്നത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വന്നപ്പോള്‍ സുരേഷ് ഗോപി മണ്ണുത്തി നെട്ടിശ്ശേരിയിലാണ്. അവിടെയാണ് 11 വോട്ടുകള്‍ ചേര്‍ത്തിട്ടുള്ളത്. കൊല്ലം ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പര്‍ ബുത്തില്‍ കുടുംബ വീടിന്റെ വിലാസത്തിലാണ് സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. 1114, 1116 എന്നീ ക്രമനമ്പറുകളിലാണ് റാണിക്കും സുഭാഷിനും വോട്ട്. ഇരവിപുരത്ത് വോട്ടര്‍പട്ടികയില്‍ പേരുള്ളപ്പോള്‍ തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലും വോട്ട് ചേര്‍ത്തത്.