film

ഉലകനായകന്റെ പിറന്നാൾ ദിനത്തിൽ ബിഗ് അപ്ഡേറ്റുമായി ‘തഗ് ലൈഫ്

By webdesk13

November 07, 2024

ഉലകനായകൻ കമല ഹാസന്റെ എഴുപതാം പിറന്നാൾ ദിനത്തിൽ ബിഗ് അപ്ഡേറ്റുമായി തഗ് ലൈഫ് ടീം. സംവിധായകൻ മണി രത്‌നവും ഉലകനായകൻ കമൽഹാസനും ‘നായകൻ’ സിനിമയ്ക്ക് കഴിഞ്ഞു 36 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ പുതിയ ട്രെൻഡിങ് അപ്ഡേറ്റ് എത്തി.

നവംബർ 7 ന് കമൽഹാസൻ തൻ്റെ 70-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, ചിത്രത്തിൻ്റെ റിലീസ് തിയതി അടങ്ങുന്ന ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ ഹാസൻ എത്തുന്നത്. ടീസറില്‍ ചിമ്പുവിനെയും കാണാം.

സിലംബരശൻ, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ സംവിധായകരായ അൻബരിവ് എന്നിവർ തഗ് ലൈഫിൻ്റെ സാങ്കേതിക സംഘത്തിലുണ്ട്.

കമൽ ഫിലിം ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ് ​​എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിർമ്മാതാക്കൾ. പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.