കല്‍പ്പറ്റ: ജീവന്‍രക്ഷാദൗത്യവുമായി തുര്‍ക്കി ജീവന്‍രക്ഷാസമിതി എറണാകുളം ജില്ലയിലുമെത്തി. എറണാകുളം പറവൂരില്‍ നിന്നും വിവിധയിടങ്ങളില്‍ കുടുങ്ങികിടന്ന നൂറ് കണക്കിനാളുകളെയാണ് തുര്‍ക്കി ജീവന്‍രക്ഷാസമിതിയുടെ നേതൃത്വത്തില്‍ രക്ഷിച്ചത്.
പറവൂര്‍ കുത്തിയത്തോട് ഭാഗത്തായിരുന്നു ജീവന്‍രക്ഷാസമിതി രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 150 കുടുംബങ്ങളെയാണ് ജീവന്‍രക്ഷാസമിതി രക്ഷിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളും ജീവന്‍രക്ഷാസമിതിയുടെ പ്രവര്‍ത്തകര്‍ കണ്ടു.പള്ളിക്കകത്ത് വെള്ളപൊക്കത്തില്‍ മരിച്ചുകിടക്കുന്ന ആറ് പേരെ കണ്ടെങ്കിലും അവര്‍ക്ക് പുറത്തെത്തിക്കാനായില്ല.
പിന്നീട് ജെ സി ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ച ശേഷമായിരുന്നു ഇവരെ പുറത്തേക്കെത്തിച്ചത്.രക്ഷാദൗത്യത്തിനിടെ മനസ്സ് നോവുന്ന കാഴ്ചയായിരുന്നു ഇതെന്ന് ജീവന്‍രക്ഷാസമിതി അംഗമായ റിയാസ് പറഞ്ഞു.
തുര്‍ക്കി ജീവന്‍രക്ഷാസമിതിയിലെ റിയാസ് ചായപറമ്പില്‍, ലാല്‍ പുത്തലന്‍,ഹാരിസ് തൊഴിലിക്കുന്നത്ത്, റസല്‍ കുണ്ടുകുളം,അയൂബ്, കാവുങ്കല്‍ സനൂപ്,യൂസഫ് പറശ്ശേരി,നാസര്‍ എന്‍ പി,ഷാഹിദ് കുനിയില്‍,ഷാഫി പാറമ്മല്‍, അഷ്‌റഫ് ഉള്ളാട്ടില്‍,രതീഷ് ബാബു,തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി പറവൂരിലെത്തിയത്.
മഴക്കെടുതി രൂക്ഷമായ വയനാട് ജില്ലയിലെ നിരവധി പ്രദേശങ്ങളിലായിരുന്നു തുര്‍ക്കി ജീവന്‍രക്ഷാസമിതി രക്ഷാപ്രവര്‍ത്തനത്തിനായി പോയത്.വയനാട് മഴക്ക് നേരിയ ശമനം വന്നതോടെയാണ് വെള്ളപൊക്കം രൂക്ഷമായ എറണാകുളത്തേക്ക് സംഘം പോയത്.
സ്വന്തം വീടുകളിലും പ്രദേശങ്ങളിലും വെള്ളം കയറി ദുരിതത്തിലായപ്പോഴും, തുര്‍ക്കി ജീവന്‍ രക്ഷാസമിതി മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പ്രശംസ പിടിച്ചുപറ്റിയിരുന്നു.ജില്ലയില്‍ ഏറ്റവുമധികം മഴക്കെടുതി ബാധിച്ച കോട്ടത്തറ, കരിങ്കുറ്റി, അപ്പണവയല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മറ്റുള്ളവരോടൊപ്പം തുര്‍ക്കി ജീവന്‍രക്ഷാസമിതിയുമുണ്ടായിരുന്നു.
ജില്ലയില്‍ ഏറ്റവും രൂക്ഷമായ മഴക്കെടുതി നേരിട്ട പ്രദേശങ്ങളിലൊന്നായിരുന്നു ജീവന്‍രക്ഷാസമിതി അംഗങ്ങള്‍ താമസിക്കുന്ന കല്‍പ്പറ്റയിലെ തുര്‍ക്കി.മിനിറ്റുകള്‍ കൊണ്ടാണ് മലവെള്ളം ഈ ഭാഗത്ത് ഇരച്ചുകയറിയത്.
രാത്രിയെത്തിയ വെള്ളത്തിനിടയില്‍ സ്വന്തം വീട്ടുപകരണങ്ങളടക്കം നശിച്ചു.എന്നാല്‍ ഈ ദുഖം ഉള്ളിലൊതുക്കി കൂടുതല്‍ ദുരിതമനുഭവിക്കുന്നവരുടെ അടുത്തേക്ക് തുര്‍ക്കി ജീവന്‍രക്ഷാസമിതിയംഗങ്ങള്‍ പോകുകയായിരുന്നു. അധികൃതര്‍ നിരന്തരമായി തുര്‍ക്കിയിലെ ജീവന്‍രക്ഷാസമിതിയംഗങ്ങളെ വിളിച്ചതോടെ മുന്നും പിന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.