മലപ്പുറം: മലപ്പുറം മലയോര മേഖലയില്‍ കടുവ ഭീതി വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം പ്രദേശത്ത് പാതി ഭക്ഷിച്ച നിലയില്‍ പന്നിയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനംവകുപ്പ് അറിയിച്ചു. ഇതോടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ വനംവകുപ്പ് സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരന്തരം പരിശോധന നടത്തിവരികയാണ്. കാളികാവ്, കരുവാരകുണ്ട് മേഖലകളിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.
കടുവയുടെ സാന്നിധ്യം ഉറപ്പായതോടെ തോട്ടങ്ങളിലെ കാടുകള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റബ്ബര്‍ ഉല്‍പാദന സീസണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ മൂന്നുമണിമുതല്‍ ടാപ്പിംഗിനായി തൊഴിലാളികള്‍ തോട്ടങ്ങളില്‍ എത്താറുള്ളതിനാല്‍ കടുവ ഭീഷണി അവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അടക്കാക്കുണ്ട്, പാറശ്ശേരി, പാന്ത്ര പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
അടക്കാക്കുണ്ട് എഴുപതേക്കര്‍ പ്രദേശത്ത് രണ്ട് മാസം മുമ്പ് ഒരു പശുവിനെ കടുവ പിടിച്ചു ഭക്ഷിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കടുവയെ പിടികൂടുന്നതിനായി എഴുപതേക്കറില്‍ കെണി സ്ഥാപിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. എട്ടുമാസങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്ന സംഭവത്തെ തുടര്‍ന്ന് മലയോര മേഖലയിലെ തൊഴില്‍ മേഖല പാടെ സ്തംഭിച്ചിരുന്നു. വന്യമൃഗങ്ങളുടെ നിരന്തര ശല്യം മൂലം പ്രദേശത്തെ നിരവധി തോട്ടങ്ങള്‍ ഇനിയും സാധാരണ നിലയിലാകാത്ത അവസ്ഥയിലാണ്