തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചമുതല്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തി. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ല.

സേവിങ്‌സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്. അക്കൗണ്ട് നമ്പര്‍ പൂജ്യംമുതല്‍ മൂന്നുവരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ രാവിലെ 10നും 12നും ഇടയ്ക്കുമാത്രമേ ബാങ്കുകളില്‍ എത്താവൂ. നാലുമുതല്‍ ഏഴുവരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവര്‍ക്ക് രണ്ടരമുതല്‍ മൂന്നരവരെയും ബാങ്കുകളില്‍ എത്താം. സെപ്റ്റംബര്‍ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും.

ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദേശപ്രകാരം ചില മേഖലകളില്‍ സമയക്രമീകരണത്തില്‍ വീണ്ടും മാറ്റംവരാം. പുതുക്കിയ സമയക്രമം അതത് ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.