ബെംഗളുരു: മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരുമായി വീരോചിതം പോരാടിയ ധീരനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ണാടക അസംബ്ലി കെട്ടിടമായ വിധാന്‍ സൗധയുടെ 60-ാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയാണ് കോവിന്ദ് ടിപ്പുവിനെ വാനോളം പുകഴ്ത്തിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ‘ചരിത്രപരമായ മരണം’ ആണ് ടിപ്പു വരിച്ചതെന്നും ശത്രുക്കള്‍ പോലും അദ്ദേഹത്തെ മാര്‍ഗദര്‍ശകനായാണ് കാണുന്നതെന്നും കോവിന്ദ് പറഞ്ഞു.

‘ബ്രിട്ടീഷുകാരോട് പോരാടി ചരിത്രപരമായ മരണമാണ് ടിപ്പു സുല്‍ത്താന്‍ വരിച്ചത്. മൈസൂര്‍ റോക്കറ്റിന്റെ വികസനത്തിലും യുദ്ധ ഘട്ടങ്ങളിലെ ഉപയോഗത്തിലും അദ്ദേഹം മാര്‍ഗദര്‍ശിയായിരുന്നു. ടിപ്പുവിന്റെ റോക്കറ്റ് സാങ്കേതിക വിദ്യ പിന്നീട് യൂറോപ്യന്മാര്‍ ഏറ്റെടുത്തു.’ അസംബ്ലി അംഗങ്ങളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് കോവിന്ദ് പറഞ്ഞു. മൈസൂരിന്റെയും കര്‍ണാടകയുടെയും ഭരണാധിപന്മാരും ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ചെന്നും കോവിന്ദ് പറഞ്ഞു.

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നയത്തിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തു വന്ന സാഹചര്യത്തിലാണ് മുന്‍ ബി.ജെ.പി അംഗവും ദളിത് മോര്‍ച്ച പ്രസിഡണ്ടുമായിരുന്ന കോവിന്ദിന്റെ പ്രഖ്യാപനം. ടിപ്പു മതഭ്രാന്തനും ക്രൂരനായ കൊലപാതകിയും ബലാത്സംഗിയുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു.