ന്യൂഡല്‍ഹി: സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറിയ അരിജിത് ഗായകന്റെ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സംവിധായകന്‍ അനുരാഗ് കശ്യപ്. സംഗീതത്തോടുള്ള താല്‍പ്പര്യക്കുറവല്ല, ഒരേ സ്വഭാവത്തിലുള്ള ഗാനങ്ങള്‍ തുടര്‍ച്ചയായി ആലപിക്കേണ്ടി വന്നതിലുള്ള മടുപ്പാണ് തീരുമാനത്തിന് കാരണമെന്നാണ് അനുരാഗ് വ്യക്തമാക്കിയത്.
ട്രൈഡ് ആന്‍ഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ”എപ്പോഴും ഹൃദയതകര്‍ച്ചയെക്കുറിച്ചുള്ള പാട്ടുകള്‍ തന്നെ. ഒരേ രീതിയിലുള്ള ഗാനങ്ങള്‍ വീണ്ടും വീണ്ടും പാടി മടുത്തതുകൊണ്ടാണ് അരിജിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അദ്ദേഹം അതിവിശിഷ്ടമായ കഴിവുള്ള കലാകാരനാണ്,” എന്നാണ് അനുരാഗിന്റെ വാക്കുകള്‍.
‘പഗ്‌ലൈറ്റ്’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് അരിജിത്താണെന്നും അദ്ദേഹം ഒരു ചലച്ചിത്രസംവിധായകനായും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനുരാഗ് പറഞ്ഞു. വളരെ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയായ അരിജിത് ഒരേ തരത്തിലുള്ള ഗാനങ്ങളില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചും അനുരാഗ് വിശദീകരിച്ചു.
”ഞങ്ങള്‍ ‘നിശാഞ്ചി’ ചെയ്തപ്പോള്‍ ആ പാട്ടിന് അദ്ദേഹം നൂറോളം പതിപ്പുകള്‍ തയ്യാറാക്കി. ഇതുവരെ ആരും അദ്ദേഹത്തോട് അത്തരമൊരു പാട്ട് ആവശ്യപ്പെട്ടിരുന്നില്ല. സംഗീതം ആത്മാവില്‍ നിന്നാണ് വരേണ്ടത്. കലാകാരന് സ്വാതന്ത്ര്യം നല്‍കിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ‘ഇതുപോലെ മതി’ എന്ന് നിയന്ത്രിച്ചാല്‍ അവരുടെ കഴിവുകള്‍ മുഴുവന്‍ പുറത്തുവരില്ല,” എന്നും അനുരാഗ് പറഞ്ഞു.
ജനുവരി 27-നാണ് അരിജിത് സിംഗ് സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പ്രഖ്യാപനം. ”ഒരു പിന്നണി ഗായകനെന്ന നിലയില്‍ ഇനി പുതിയ പാട്ടുകള്‍ പാടുന്നില്ല. ഇത് ഒരു മനോഹരമായ യാത്രയായിരുന്നു,” എന്ന് അദ്ദേഹം കുറിച്ചു. അതേസമയം, സായ് പല്ലവിയും ജുനൈദ് ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ഏക് ദിന്‍’ എന്ന ചിത്രത്തില്‍ അരിജിത്തിന്റെ പാട്ടുണ്ടാകും. വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഏറ്റെടുത്ത പ്രോജക്ട് ആയിരുന്നുവിത്.