kerala

തിരുവല്ല സ്പാ പീഡനക്കേസ്: അന്വേഷണം പൊലീസിലേക്കും

By webdesk17

February 07, 2026

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും സംഘവും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണ്ണായ വിവരങ്ങള്‍ പുറത്ത്. പോലീസും പ്രാദേശിക ഗുണ്ടാസംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് അന്വേഷിക്കാന്‍ ഉന്നതതല നിര്‍ദ്ദേശം ലഭിച്ചു. തിരുവല്ലയിലെ സ്പാകളില്‍ നിന്ന് ചില പോലീസുകാര്‍ കൃത്യമായി ‘മാസപ്പടി’ വാങ്ങുന്നതായും ഇവര്‍ സ്പാകളിലെ നിത്യസന്ദര്‍ശകരാണെന്നും സംശയമുണ്ട്.

ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും ജില്ലാ പോലീസ് മേധാവി ഇടപെട്ട ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടന്ന സ്പായുടെ ഉടമയും രംഗത്തെത്തിയിട്ടുണ്ട്. ഇത് വെറും ഗുണ്ടാപ്പിരിവ് കേസ് മാത്രമല്ലെന്നും, തന്റെ ബിസിനസ് തകര്‍ക്കാന്‍ മറ്റൊരു സ്പാ ഉടമ നല്‍കിയ ക്വട്ടേഷന്‍ ആണെന്നും അദ്ദേഹം പറയുന്നു.

കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഇതുവരെ പ്രധാന പ്രതിയായ സുബിന്‍ അലക്സാണ്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായി. ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സുബിനെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പോലീസ് നീക്കം തുടങ്ങി.

ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആറംഗ സംഘം സ്പായില്‍ അതിക്രമിച്ചു കയറി 50,000 രൂപ ആവശ്യപ്പെട്ടു. അത് നല്‍കാത്തതിനെത്തുടര്‍ന്ന് ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.