Culture

മോദി അപകടകാരിയാണ് എന്ന് മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങള്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയവാദികള്‍: ടിഎം കൃഷ്ണ

By Test User

November 05, 2020

ചെന്നൈ: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഇന്ത്യന്‍ വംശജരെ വിമര്‍ശിച്ച് ഗായകന്‍ ടിഎം കൃഷ്ണ. ജോ ബൈഡന് വോട്ട് ചെയ്യുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യയില്‍ മോദി എത്രത്തോളം അപകടകാരിയാണ് എന്ന് മനസ്സിലാകുന്നില്ലെങ്കില്‍ അവര്‍ ഇസ്‌ലാംഭീതിയുള്ള ജാതി വര്‍ഗീയവാദികള്‍ ആണെന്ന് കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപിയുടെ നിരന്തര വിമര്‍ശകനായ ടിഎം കൃഷ്ണ ഇതിനു മുമ്പും മോദിക്കും തീവ്രഹിന്ദുത്വത്തിനുമെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട സംഗീതജ്ഞനാണ്. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിലും ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.

കേരളത്തിലെ ഹിന്ദുത്വം സുരക്ഷിതമാണെന്നും അതിന് ഒരു രക്ഷകരെ ആവശ്യമില്ലെന്നും നേരത്തെ ടിഎം കൃഷ്ണ കുറിച്ചിരുന്നു. ശബരിമലയുടെ പശ്ചാത്തലത്തിലായിരുന്നു കൃഷ്ണയുടെ കുറിപ്പ്. കുറിപ്പിന് താഴെ ധാരാളം വിദ്വേഷ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇതിനു മുമ്പ് 2018 നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന കൃഷ്ണയുടെ സംഗീത പരിപാടി തീവ്രഹിന്ദു സംഘടനകളുടെ ഭീഷണി മൂലം റദ്ദാക്കേണ്ടി വന്നിരുന്നു.