kerala

ഭീതി പടര്‍ത്തി കാട്ടാന; വയനാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്തു

By webdesk17

April 10, 2025

വയനാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്തു. ഇന്നലെ കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്. കാപ്പിത്തോട്ടത്തില്‍ കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയ റോഡിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാപ്പിത്തോട്ടത്തിലെ ഫെന്‍സിങ് തകര്‍ത്ത ആന റോഡിലേക്കിറങ്ങി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മറിച്ചിടുകയായിരുന്നു.

എന്നാല്‍ സമീപത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ ആന റോഡിന്റെ താഴ്ചയിലുള്ള കാപ്പിത്തോട്ടത്തിലേക്ക് പോവുകയായിരുന്നു. അതേസമയം ഇതുവഴി വരികയായിരുന്ന പനവല്ലിയിലെ സജേഷ് ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ആന ഓടിവരുന്നതു കണ്ട് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ ഇയാള്‍ വീണെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയേഷ് ജോസഫിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ആനയെ റസല്‍കുന്നിലെ വനത്തിലേക്ക് തുരത്തി.