ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണ നിരാശ. കേരളം കാത്തിരുന്ന ഒരു പദ്ധതി പോലും ബജറ്റ് പ്രഖ്യാപനത്തില്‍ ഇടംപിടിച്ചില്ല. എയിംസ് കേരളത്തിന്റെ മോഹമായിത്തന്നെ അവശേഷിക്കും. കൊട്ടിഘോഷിച്ച് ഇ ശ്രീധരനെ എഴുന്നള്ളിച്ചതിലൂടെ കേരളത്തിന് പ്രതീക്ഷ നല്‍കിയ അതിവേഗ റെയിലും പക്ഷേ ബജറ്റില്‍ ഇടംപിടിച്ചില്ല. ഒരു മണിക്കൂറും 26 മിനുട്ടും എടുത്ത് നിര്‍മ്മലാ സീതാരാമന്‍ പൂര്‍ത്തിയാക്കിയ തന്റെ ഒമ്പതാമത്തെ ബജറ്റ് പ്രസംഗത്തില്‍ ദേശീയ തലത്തിലും രാജ്യത്തിന്റെ സാമ്പത്തിക വികാസനത്തിന് ദിശാബോധം പകരുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. അതിവേഗ റെയില്‍ ഇടനാഴി, അപൂര്‍വ ധാതു ഇടനാഴി തുടങ്ങിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പല പ്രഖ്യാപനങ്ങളും ഉണ്ടയില്ലാ വെടികളാണെന്ന വിമര്‍ശനവും ഉയര്‍ന്നു. കൃത്യമായ ബജറ്റ് വിഹിതം നീക്കിവെക്കാതെയാണ് ഇതില്‍ പല പ്രഖ്യാപനങ്ങളും.
പുതുതായി ഏഴു അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും കേരളം ഇടംപിടിച്ചില്ല. അതിവേഗ ഇടനാഴി പ്രഖ്യാപിക്കുമ്പോള്‍ കേരളം, കേരളം എന്ന് സംസ്ഥാനത്തുനിന്നുള്ള എം.പിമാര്‍ വിളിച്ചുപറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. കേരളം ആവശ്യപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജുമില്ല. കടലാമ സംരക്ഷണ കേന്ദ്രമാണ് കേരളത്തിന് ബജറ്റില്‍ ആകെ കിട്ടിയ പദ്ധതി. കൈത്തറി വസ്ത്രങ്ങളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത് കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും എത്രത്തോളം എന്നത് കാത്തിരുന്നു കാണണം. ആയുര്‍വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ഇത് എത്രത്തോളം ഗുണം ചെയ്യും എന്നതും കാത്തിരുന്നു കാണണം. നാളികേര പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തിയില്ല. അതേസമയം പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
രാസവള നിര്‍മാണത്തിന് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ ഇളവ് പിന്‍വലിച്ചതോടെ ഇവയുടെ വില ഉയരും. ഇതോടെ രാസവള വില വര്‍ധനക്ക് വഴിയൊരുങ്ങുകയും കര്‍ഷകര്‍ക്ക് പ്രഹരമായി മാറുകയും ചെയ്യും.
പ്രധാന പ്രഖ്യാപനങ്ങള്‍ *ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല *ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും *ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ; *ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ഇളവ് *17 കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി *മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും *നികുതി കുറയ്ക്കും. *ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും *വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും *വിമാന ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി *വിദേശ സ്വത്ത് വെളിപ്പെടുത്താന്‍ ആറു മാസം വരെ സമയം *5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും *പുതിയ അക്കാദമിക് സെന്ററുകള്‍ സ്ഥാപിക്കും *സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റ് *നികുതി നിയമങ്ങള്‍ ലഘൂകരിക്കും, വിദേശയാത്രയുടെ *നികുതി അഞ്ചില്‍ നിന്ന് രണ്ടു ശതമാനമായി കുറച്ചു *വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതി ഒഴിവാക്കി *മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നികുതി രണ്ട് ശതമാനമാക്കി *കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യാ മിഷന്‍ *സ്പോര്‍ട്സ് ഉപകരണ നിര്‍മാണത്തിന് പദ്ധതി *കര്‍ഷകര്‍ക്കായി ഭാരത് വിസ്താര്‍ സ്ഥാപിക്കും *2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി നിയമം *ജൂലൈ 31വരെ ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം *2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും *ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദിവ്യാംഗന്‍ കൗശല്‍ യോജന *കൂടുതല്‍ കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റുകള്‍ *വനിതകളെ സംരംഭക ഉടമകളാക്കി മാറ്റാന്‍ ഷീ മാര്‍ട്ട് പദ്ധതി *നാളികേര പ്രോത്സാഹനത്തിന് പ്രത്യേക പദ്ധതി *കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായം *കേരളത്തിലും കര്‍ണാടകത്തിലും കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം *മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ 500 സംഭരണികള്‍ *ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ് പദ്ധതി *എവിജിസി കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍ 15,000 സെക്കന്‍ഡറി സ്‌കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും *ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങള്‍ *കിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ *മെഡിക്കല്‍ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി *അഞ്ച് മേഖല മെഡിക്കല്‍ ഹബുകള്‍ *ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി *മൂന്നിടങ്ങളില്‍ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്
വില കുറയും *വിമാന ഭാഗങ്ങള്‍ *മൈക്രോവേവ് ഉത്പന്നങ്ങള്‍ *ഇലക്ട്രോണിക് വാഹന ഭാഗങ്ങള്‍ *സോളാര്‍ പാനല്‍ *പ്രമേഹ, ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ *ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട് ഫോണ്‍, ടാബ് ലറ്റ് *ലെതര്‍ ഉത്പന്നങ്ങള്‍
വില കൂടും *ലക്ഷ്വറി വാച്ചുകള്‍ *ഇറക്കുമതി ചെയ്യുന്ന മദ്യം *സിഗരറ്റ്, പാന്‍മസാല, ഗുഡ്ക *ഇറക്കുമതി ചെയ്യുന്ന ടെലിവിഷന്‍, ക്യാമറ *ഇറക്കുമതി ചെയ്യുന്ന ഫോട്ടോഗ്രാഫി, റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ *രാസവള നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമോണിയം *ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ്