ന്യൂയോർക്ക്: അപരിചിതനെ ചേർത്തുനിർത്തലാണ് തന്റെ കുടിയേറ്റ നയമെന്ന് വ്യക്തമാക്കി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ഇന്നും നാളെയും ഇനി വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും ഞങ്ങൾ അപരിചിതന്റെ കൂടെയായിരിക്കുമെന്ന് മംദാനി പ്രഖ്യാപിച്ചു. വിശ്വാസം അപരിചിതന്റെ പക്ഷത്ത് നിൽക്കാനുള്ള നൈതിക ദിശാബോധം നമുക്ക് നൽകുന്നുണ്ടെങ്കിൽ, അതിനാവശ്യമായ വിഭവങ്ങൾ നൽകാൻ സർക്കാരിന് കഴിയുമെന്നും മംദാനി വ്യക്തമാക്കി.
വെള്ളിയാഴ്ച, വിവിധ മതവിശ്വാസികൾക്കുള്ള വാർഷിക വിരുന്നിൽ സംസാരിക്കുകയായിരുന്നു മേയർ മംദാനി. ‘ആഗ്രഹം, വെറുപ്പ്, അജ്ഞത എന്നീ മൂന്ന് വിഷങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ചുനീക്കിയാൽ മാത്രമേ കഷ്ടപ്പാടുകളിൽ നിന്നും മോചനം കിട്ടൂ എന്ന് ഞാൻ കരുതുന്നു. അങ്ങനെയാണ് ബുദ്ധൻ പഠിപ്പിക്കുന്നത്. മാറ്റമില്ലാത്ത കാര്യമാണ് കഷ്ടപ്പാടെന്ന് നാം കരുതേണ്ടതില്ല. വെറുപ്പിനെ സ്വാഭാവിക അവസ്ഥയായും നാം കാണരുത്. നമ്മെത്തന്നെ സ്വതന്ത്രരാക്കാനുള്ള ശക്തി നമുക്കുണ്ട്’- മംദാനി പറഞ്ഞു.
പരിപാടിയിൽ യുഎസ് കുടിയേറ്റ നയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിനെക്കുറിച്ചും പരാമർശിച്ചു. എന്റെ സ്വന്തം വിശ്വാസമായ ഇസ്‌ലാം, കുടിയേറ്റത്തിന്റെ ആഖ്യാനത്തിൽ കെട്ടിപ്പടുത്ത ഒരു മതമാണെന്ന് ഞാൻ കരുതുന്നു. ഹിജ്‌റയുടെ കഥ നമ്മെ ഓർമിപ്പിക്കുന്നത് പ്രവാചകൻ മുഹമ്മദ് നബിയും ഒരു അപരിചിതനായിരുന്നുവെന്നും മക്കയിൽ നിന്ന് പലായനം ചെയ്ത അദ്ദേഹത്തെ മദീന സ്വാഗതം ചെയ്തെന്നും ആണ്.
ഖുർആനിലെ സൂറത്ത് അന്നഹ്ൽ 42ാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു: ‘അതിക്രമത്തിന് വിധേയരായ ശേഷം സ്രഷ്ടാവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏർപ്പെടുത്തിനൽകും’. പ്രവാചൻ മുഹമ്മദ് നബി പറയുന്നു: ‘ഇസ്‌ലാം മക്കയിൽ അപരിചിതമായാണ് ആരംഭിച്ചത്. അന്ന് വിശ്വാസികളുടെ എണ്ണം വളരെ കുറവായിരുന്നു. അവസാനകാലത്തും അത് അപരിചിതമായ അവസ്ഥയിലേക്ക് തിരിച്ചുപോകും. അപരിചിതർക്ക് സന്തോഷവാർത്ത’.
‘വിശ്വാസം അപരിചിതന്റെ പക്ഷത്ത് നിൽക്കാൻ നമുക്ക് നൈതിക ദിശാബോധം നൽകുന്നുണ്ടെങ്കിൽ, അതിനാവശ്യമായ വിഭവങ്ങൾ നൽകാൻ സർക്കാരിന് കഴിയും. സ്നേഹിക്കാനും ആലിംഗനം ചെയ്യാനും സംരക്ഷിക്കാനും അധികാരം വിനിയോഗിക്കുന്ന ഒരു സിറ്റി ഹാളിനെക്കുറിച്ചുള്ള പുതിയ പ്രത്യാശ നമുക്കുണ്ടാക്കാം. ഇന്നും നാളെയും ഇനി വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും നമ്മൾ അപരിചിതന്റെ കൂടെയായിരിക്കും’.
‘അതുകൊണ്ടാണ് ഇന്ന് രാവിലെ, നമ്മുടെ നഗരത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പുവച്ചത്. നമ്മുടെ സഹ കുടിയേറ്റക്കാരായ ന്യൂയോർക്ക് നിവാസികൾക്ക് മാത്രമല്ല, എല്ലാ ന്യൂയോർക്ക് നിവാസികൾക്കും കുടിയേറ്റ നിയമം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് അത് സംരക്ഷണം നൽകും’.