ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറില്‍ വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ആര്‍ ശങ്കര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരും. ശുഭദിനം നോക്കി കോണ്‍ഗ്രസില്‍ ചേരുമെന്ന് മൈസൂരു പാലസില്‍ ദസറ ആനകള്‍ക്ക് പൂജ അര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു. നേരത്തെ റാണെബെന്നൂരില്‍ നിന്നും കര്‍ണാടക പ്രഗ്ന്യ വന്ദന ജനതാ പാര്‍ട്ടി (കെ.പി.ജെ.പി)യുടെ ബാനറിലാണ് ശങ്കര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണക്കുകയായിരുന്നു. കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും യാതൊരു തരത്തിലുള്ള ഭീഷണിയും സര്‍ക്കാറിനില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് ശങ്കര്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നതും ശ്രദ്ധേയമാണ്.