ന്യൂഡല്‍ഹി: ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചത്.

ഫാ.ടോമിന്റെ വീഡിയോ കണ്ടു. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവന്‍ വിലപ്പെട്ടതാണെന്നും മോചനത്തിന് വേണ്ടി എല്ലാം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ ടോമിന്റെ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജീവന് വേണ്ടി യാചിക്കുന്ന ടോം നിസ്സഹായനാണെന്നും രോഗം വന്ന് ദു:ഖിതനാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. യൂറോപ്പിലായിരുന്നെങ്കില്‍ തന്റെ മോചനം നടന്നിരുന്നുവെന്നും ഇന്ത്യക്കാരനായതുകൊണ്ടാണ് മോചിപ്പിക്കപ്പെടാത്തതെന്നും ടോം പറയുന്നു. മാസങ്ങള്‍ക്കു മുമ്പ് തട്ടിക്കൊണ്ടുപോയ ടോമിന്റെ രണ്ടാമത്തെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.