News

‘വളരെ വൈകിപ്പോയി’: ഇറാനുമായി ചര്‍ച്ചക്കുള്ള സമയം കഴിഞ്ഞെന്ന് ട്രംപ്

By webdesk17

March 03, 2026

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനി സമയമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ അതിനുള്ള അവസരം കഴിഞ്ഞുപോയെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും അമേരിക്കന്‍ സൈന്യം തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ‘അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വ്യോമസേന, നാവികസേന, നേതൃത്വം എന്നിവയെല്ലാം ഇല്ലാതായി. ഇപ്പോള്‍ അവര്‍ക്ക് ചര്‍ച്ച വേണം. എന്നാല്‍ വളരെ വൈകിപ്പോയി!”, ട്രംപ് കുറിച്ചു.

ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ ഇസ്രാഈലിന് എല്ലാ അവകാശവുമുണ്ടെന്നും അമേരിക്ക പിന്തുണ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ മിസൈല്‍ ശേഷിയും ആണവ പദ്ധതികളും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറഞ്ഞു.

അതേസമയം ഇറാന്റെ ഭരണകൂടത്തിനുമേല്‍ താന്‍ ഏര്‍പ്പെടുത്തിയ ശക്തമായ സമ്മര്‍ദ തന്ത്രങ്ങളെയും ഉപരോധങ്ങളെയും ട്രംപ് ന്യായീകരിച്ചു.