india

ഗോവയിലെ തടാകത്തില്‍ മാലിന്യം വലിച്ചെറിഞ്ഞ് സഞ്ചാരികള്‍

By webdesk17

November 29, 2025

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ നിരന്തരം ഉയരുന്നുണ്ടെങ്കിലും, പലരും കിട്ടുന്നിടത്തൊക്കെ മാലിന്യം വലിച്ചെറിഞ്ഞ് മുന്നോട്ടാണ് പോവുന്നത്. ഇതിന് പുതിയ ഉദാഹരണമാണ് ഗോവയിലെ പോര്‍വോറിമിലെ ടോര്‍ഡ ക്രീക്കില്‍ നടന്ന സംഭവം.

കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്‍, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വീഡിയോയുടെ തുടക്കത്തില്‍ തടാകത്തിനരികില്‍ നിര്‍ത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ദൃശ്യങ്ങളാണ് കാണുന്നത്.

തങ്ങള്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ടതുപോലെ, കാറിലുള്ള പുരുഷനും സ്ത്രീയും മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ ക്യാമറ തടാകത്തിലേക്ക് തിരിയുമ്പോള്‍, അവിടെ ഉപേക്ഷിച്ചിരിക്കുന്ന കുട്ടികളുടെ നാപ്കിനുകളും കളിപ്പാട്ടങ്ങളും വ്യക്തമായി കാണാം. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ ഉത്തരവാദിത്തമുള്ള ടൂറിസത്തിനെതിരെ നിരവധി പേരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.