ബംഗളൂരു: ആംബുലന്‍സിനു കടന്നുപോകാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് തടഞ്ഞുവെച്ചു. തിരക്കേറിയ ജംഗ്ഷനിലൂടെ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ വാഹനവ്യൂഹമാണ് ട്രാഫിക്ക് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ എം.എല്‍ നിജലിംഗപ്പ തടഞ്ഞ് വെച്ചത്. ബെംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളിലാണ് സംഭവം.

വാര്‍ത്ത സാമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ നിജലിംഗപ്പയ്ക്ക് അഭിനന്ദനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. കൃത്യസമയത്ത് പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് ട്രാഫിക്ക് ഈസ്റ്റ്് ഡിവിഷന്‍ ഡപ്പ്യൂട്ടി കമ്മീഷണര്‍ അഭേയ് ഗോയലും കമ്മീഷണര്‍ പ്രവീണ്‍ സൂദും ട്വീറ്റ് ചെയ്തു. നിജലിംഗപ്പയ്ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രപതി രാജ്ഭവനിലേക്ക് പോകുമ്പോഴാണ് ഒരു ആംമ്പുലന്‍സ് വരുന്നത് നിജലിംഗപ്പയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആംമ്പുലന്‍സിനു കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ ഗതാഗതം നിയന്ത്രിച്ച് അത് കടത്തുവിടുകയായിരുന്നു. എച്ച്എഎല്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംമ്പുലന്‍സിനാണ് വഴിയൊരുക്കിക്കൊടുത്തത്.