ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ തീവണ്ടി ദുരന്തത്തിനു പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് യു.പി ഭീകരവിരുദ്ധ സേന. അപകടസ്ഥലത്ത് സേന നടത്തിയ പരിശോധനത്തില്‍ ഇത്തരത്തിലുള്ള ഒരു തെളിവുകളും ലഭിച്ചില്ലെന്ന് യു.പി അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ വ്യക്തമാക്കി.

റെയില്‍വേ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് അപകട കാരണം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. റയില്‍വേ പറയുന്നതു പ്രകാരം അപകടം നടത്ത സ്ഥലത്തിന് ഏതാനും മീറ്ററുകള്‍ അകലെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. ഇതിലൂടെ വേഗത കുറച്ചാണ് തീവണ്ടികള്‍ കടത്തിവിടേണ്ടിയിരുന്നത്. എന്നാല്‍ അപകടം നടക്കുന്ന വേളയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ഉത്കാല്‍ എക്‌സ്പ്രസ് സഞ്ചരിച്ചു കൊണ്ടിരുന്നത്. ട്രാക്കിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിടുകയായിരുന്നു. ഇതാണ് വണ്ടി പാളം തെറ്റാനുണ്ടായ സാഹചര്യം- ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതായി തദ്ദേശവാസികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇതേക്കുറിച്ച് ഡ്രൈവര്‍ക്ക് സൂചനകളൊന്നും നല്‍കിയിരുന്നില്ലെന്ന് പ്രദേശത്തെ ഗേറ്റ്മാനും പറയുന്നു. സംഭവത്തില്‍ മുസഫര്‍ നഗര്‍ സ്റ്റേഷനിലെ ഗാങ്മാനും അറ്റകുറ്റപ്പണിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കുമെതിരെ റെയില്‍വേ നടപടിയെടുത്തിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് വകുപ്പു മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ട്രാക്ക് പുനഃസ്ഥാപിക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യാത്രക്കാരുടെ മരണത്തില്‍നിന്ന് സര്‍ക്കാറിന് കൈ കഴുകി രക്ഷപ്പെടാനാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ 27 പ്രധാനപ്പെട്ട റെയില്‍ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 259 യാത്രക്കാര്‍ മരിച്ചു. 899 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷയ്ക്കായി ബജറ്റില്‍ കൂടുതല്‍ വിഹിതം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും അല്ലാതെ ബുള്ളറ്റ് ട്രയിന്‍ ഓടിക്കുകയല്ല എന്നും അദ്ദേഹം പരിഹസിച്ചു.

ശനിയാഴ്ച വൈകിട്ട് 14 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടിരുന്നത്. 23 പേര്‍ മരിച്ചതിനു പുറമേ, 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്നര ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും ചെറുപരിക്കുകളേറ്റവര്‍ക്ക് 25000 രൂപയും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.