കോഴിക്കോട്: കോഴിക്കോട് തീവണ്ടിതട്ടി നാലുമരണം. യുവതിയേയും മൂന്ന് പെണ്‍കുട്ടികളേയുമാണ് തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക് 30വയസ് പ്രായവും മരിച്ച പെണ്‍കുട്ടികള്‍ക്ക് 8 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുണ്ട്. പുതിയങ്ങാടി കോയ റോഡിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, സംഭവം ആത്മഹത്യയാണെന്ന് പോലീസ് പറയുന്നു.

രാവിലെ ഏഴുമണിയോടുകൂടിയാണ് നാട്ടുകാര്‍ പാളത്തില്‍ മൃതദേഹങ്ങള്‍ കാണുന്നത്. പാളം മുറിച്ചു കടക്കുമ്പോള്‍ തീവണ്ടി തട്ടിയതാണോ അതോ ആത്മഹത്യയാണോയെന്ന് തെളിഞ്ഞിട്ടില്ല. ഏത് തീവണ്ടിയാണ് തട്ടിയതെന്നും അറിവില്ല. എന്നാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അമ്മയേയും കുട്ടികളേയും കാണാനില്ലാത്തതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ മരിച്ചവര്‍ മലപ്പുറം സ്വദേശികളാണെന്ന് സൂചനയുമുണ്ട്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. എവിടെയെങ്കിലും അമ്മയേയും കുഞ്ഞുങ്ങളേയും കാണാതായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതേസമയം, മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.