kerala

ട്രെയിന്‍ യാത്രക്കാരന്‍ ആംബുലന്‍സ് കിട്ടാതെ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി എഡിജിപി ഇന്റലിജന്‍സ്

By webdesk18

October 14, 2025

തൃശൂരില്‍ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി എഡിജിപി ഇന്റലിജന്‍സ്. എഡിജിപി പി.വിജയനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തേടിയത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് സിഐ രമേഷ് ആണ് കേസ് അന്വേഷിക്കുക. ശ്രീജിത്തിന്റെ സഹയാത്രികയും സുഹൃത്തുമായ സൂര്യയുടെയും ഡോ. അഭിനവിന്റെയും മൊഴിയെടുത്തു. ഡോ. അഭിനവാണ് ആദ്യഘട്ടത്തില്‍ ശ്രീജിത്തിനെ സിപിആര്‍ നല്‍കി പരിചരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്രീജിത്തിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെയും മൊഴിയെടുക്കും.

കഴിഞ്ഞ ആഴ്ചയാണ് മുളങ്കുന്നത്തുകാവ് റെയില്‍വേ സ്‌റ്റേഷനില്‍ യുവാവ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആംബുലന്‍സ് കിട്ടാതെ അരമണിക്കൂറോളം മുളങ്കുന്നത്തുകാവ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ചാലക്കുടി സ്വദേശിയായ ആദിവാസി യുവാവ് ശ്രീജിത്തിന് കിടക്കേണ്ടിവന്നത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. മുളങ്കുന്നത്തുകാവ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിട്ടും ആംബുലന്‍സ് കിട്ടാതെ 25 മിനിറ്റോളം പ്ലാറ്റ്‌ഫോമില്‍ കിടന്നു എന്നാണ് ആക്ഷേപം.

എന്നാല്‍, യുവാവിന് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായില്ലെന്ന് പറഞ്ഞ് ദക്ഷിണ റെയില്‍വെ രംഗത്തെത്തിയിരുന്നു. തൃശൂര്‍ സ്‌റ്റേഷനില്‍ ആംബുലന്‍സ് എത്താന്‍ ക്രമീകരണം നടത്തിയിരുന്നു. യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയത് തടസ്സങ്ങള്‍ ഉണ്ടാക്കി. പരിമിതമായ റോഡ് സൗകര്യം മൂലമാണ് ആംബുലന്‍സ് സ്‌റ്റേഷനില്‍ വൈകിയെത്തിയതെന്നും റെയില്‍വെയുടെയുടെ വിശദീകരണം.