crime

ഓടുന്ന ട്രെയിനില്‍ വന്‍ കവര്‍ച്ചയും കൂട്ടബലാത്സംഗവും; നാലുപേര്‍ അറസ്റ്റില്‍

By web desk 1

October 09, 2021

മുംബൈ: ഓടുന്ന ട്രെയിനിലെ യാത്രക്കാരെ കവര്‍ച്ച ചെയ്യുകയും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത് എട്ടംഗ സംഘം. നാലുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ പിടികൂടാനുണ്ട്. യുപിയിലെ ലക്‌നൗവില്‍ നിന്ന് മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് പോയ ട്രെയിനിലാണ് സംഭവം.

ലക്‌നൗ മുംബൈ പുഷ്പക് എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് കവര്‍ച്ചയും കൂട്ടബലാത്സംഗവും നടന്നത്. ട്രെയിന്‍ യാത്രക്കിടെ സംഘം യാത്രക്കാരില്‍ നിന്ന് പണവും സ്വര്‍ണവും കൊള്ളയടിക്കാന്‍ തുടങ്ങി. ചെറുത്തുനില്‍പിന് ശ്രമിച്ചവരെ മൂര്‍ച്ചയേറിയ മാരകായുധങ്ങളുമായി ആക്രമിച്ചു. ഇതിനിടെ കോച്ചിലുണ്ടായിരുന്ന സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെത്തിയപ്പോഴായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ ആക്രമണം. കസാറ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് യാത്രക്കാര്‍ ബഹളം വക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ഈ കോച്ചിലേക്ക് ഓടിവന്നു. തുടര്‍ന്ന് നാലുപേരെ പിടികൂടി. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. 34,000 രൂപയുടെ മോഷണ മുതലാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.